മറയൂരില്‍ ആടുകള്‍ക്ക് അജ്ഞാത രോഗം

മറയൂരില്‍ ആടുകള്‍ക്ക് അജ്ഞാത രോഗം.  ആദിവാസി ഊരുകളിലെ ഇരുന്നൂറിലധികം ആടുകളാണ് കഴി‍ഞ്ഞ പത്ത് ദിവസത്തിനിടെ ചത്തത്. രോഗകാരണം കണ്ടെത്താനുള്ള പരിശോധന ഉടന്‍ ആരംഭിക്കും.    

മറയൂരിന് സമീപം ചുരക്കുളം ആദിവാസി കുടിയിലും സമീപ പ്രദേശമായ പൊങ്ങംപള്ളി, പുതുവെട്ട് എന്നിവിടങ്ങളിലും നിരവധി ആടുകളാണ് കൂട്ടമായി ചത്തത്. ഇതോടെ  ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട അവസ്ഥയിലാണ് ആദിവാസികള്‍. 

 ചുരക്കുളത്ത് മാത്രം 200 ആടുകള്‍ ചത്തു.  കടുത്ത പനിയും വയറിളക്കവുമാണ് രോഗ ലക്ഷണങ്ങള്‍. മറയൂര്‍ മൃഗാശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങിക്കൊടുത്തുവെങ്കിലും ഫലം കണ്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. രോഗകാരണം കണ്ടെത്താന്‍  പരിശോധന നടത്തുമെന്ന് മറയൂര്‍ മൃഗാശുപത്രി അറിയിച്ചു.