സഞ്ചാരയോഗ്യമാകാനൊരുങ്ങി കൊച്ചിയിലെ ജലഗതാഗത പദ്ധതി

കൊച്ചിനഗരത്തിലെ ജലഗതാഗത പദ്ധതിക്ക് ജീവന്‍വെക്കുന്നു. ജലപാത നവീകരണ പദ്ധതിയുടെ നടത്തിപ്പ്  കൊച്ചി മെട്രോറയില്‍കോര്‍പ്പറേഷനെ ഏല്‍പ്പിക്കാന്‍മന്ത്രിസഭ തീരുമാനിച്ചു. നഗരത്തിലെ അഞ്ച് പ്രധാന കനാലുകള്‍ ജലമെട്രോപദ്ധതിയുമായി കോര്‍ത്തിണക്കുകയാണ് ലക്ഷ്യം. 

ഇടപ്പള്ളി, മാര്‍ക്കറ്റ് റോഡ്, തേവര, പെരണ്ടൂര്‍..തേവര കനാലുകളാണ് വീതി കൂട്ടിയും മലിനീകരണവും മാലിന്യവും മാറ്റിയും സഞ്ചാരയോഗ്യമാക്കുക. അഞ്ച് കനാലുകളും എറണാകുളം നഗരത്തിന്റെ പ്രധാനഭാഗങ്ങളിലൂടെ കടന്നുപോകുന്നവയാണ്. ഇത് നവീകരിക്കുന്നതോടെ , നഗരയാത്ര കൂടുതല്‍ എളുപ്പമാകും.  

കൊച്ചിമെട്രോറയില്‍ കോര്‍പ്പറേഷനെ  പ്രത്യേക ഉദ്ദേശ കമ്പനിയായി പരിഗണിച്ച് , പദ്ധതിയുടെ നടത്തിപ്പ് ഏല്‍പ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം.  കിഫ്ബി വഴിയാണ് പദ്ധതിക്കുള്ള പണം കണ്ടെത്തുന്നത്. കനാലുകളുടെ തീരങ്ങളിലെ കൈയ്യേറ്റം ഒഴിപ്പിക്കും. പദ്ധതിക്ക് കൂടുതല്‍ സ്ഥലം ആവശ്യമാണെങ്കില്‍ അത് ഏറ്റെടുക്കും.  അഞ്ച് ചെറുപാലങ്ങള്‍ പൊളിച്ചുമാറ്റി ഉയരവും വീതിയും കൂടുതലുള്ള പാലങ്ങള്‍ നിര്‍മ്മിക്കും. 

ജലമെട്രോയുമായി പദ്ധതിയെ കൂട്ടിയിണക്കാന്‍ സഹായകമാകും വിധമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. ഭൂമിഏറ്റെടുക്കാനും പൊളിക്കുന്ന കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരമായും 566 കോടി രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്. വീട് നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കും. വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ രാജ്യാന്തര നിലവാരമുള്ള ഏജന്‍സിയെ കണ്ടെത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.