ചെമ്പൈ സംഗീതോല്‍സവത്തിന് തിരിതെളിഞ്ഞു

ഗുരുവായൂരില്‍ ചെമ്പൈ സംഗീതോല്‍സവത്തിന് തിരിതെളിഞ്ഞു. ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്കാരം പാലാ സി.കെ.രാമചന്ദ്രന് സമ്മാനിച്ചു. ആറു പതിറ്റാണ്ടിലേറെ ഗുരുവായൂരപ്പന് സംഗീതോപാസന ചെയ്ത കര്‍ണാടക സംഗീതചക്രവര്‍ത്തി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓര്‍മയ്ക്കായാണ് സംഗീതോല്‍സവം. ഗുരുവായൂര്‍ ദേവസ്വമാണ് ചെമ്പൈ സംഗീതോല്‍സവത്തിന്റെ സംഘാടകര്‍. ചെമ്പൈ സംഗീതമണ്ഡപത്തില്‍ ഗുരൂവായൂരപ്പന്റേയും ചെമ്പൈയുടേയും ചിത്രത്തിന് മുമ്പില്‍ മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ഭദ്രദീപം തെളിയിച്ചു. മന്ത്രി വി.എസ്.സുനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.

ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്ക്കാരം കര്‍ണാടക സംഗീതജ്ഞന്‍ പാല സി.കെ.രാമചന്ദ്രന്‍ ഏറ്റുവാങ്ങി. മന്ത്രി കടകംപിള്ളി സുരേന്ദ്രനാണ് പുരസ്ക്കാരം സമ്മാനിച്ചത്. തുടര്‍ന്ന്, പാല സി.കെ.രാമചന്ദ്രന്റെ സംഗീതകച്ചേരിയും നടന്നു. സംഗീത വേദിയില്‍ കൃഷ്ണനാട്ടപദക്കച്ചേരിയും വാദ്യവിദ്യാലയം കലാകാരന്‍മാരുടെ സംഗീത സമന്വയവും നടന്നു. മൂവായിരത്തോളം കലാകാരന്‍മാര്‍ ചെമ്പൈ സംഗീതോല്‍സവത്തില്‍ പങ്കെടുക്കും. ഗുരുവായൂര്‍ ഏകാദശി ദിവസമായ പത്തൊന്‍പതിന് സമാപിക്കും.