മെട്രോനഗരത്തിലെ റോഡുകളിലെ കുഴികളില്‍വീണ് നടുവൊടിഞ്ഞ് യാത്രക്കാർ

മെട്രോനഗരത്തിലെ റോഡുകളിലെ കുഴികളില്‍വീണ് നടുവൊടിഞ്ഞ് യാത്രക്കാര്‍. വിശാല കൊച്ചി വികസന അതോറിറ്റിയുടെ കീഴിലുള്ള കലൂർ കടവന്ത്ര റോഡില്‍ യാത്ര ദുഷ്കരമായി.

ജില്ലയിൽ ജിസിഡിഎ യുടെ നിയന്ത്രണത്തിലുള്ള കലൂർ കടവന്ത്ര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് മാസങ്ങൾക്കു മുൻപേ ജിസിഡിഎ പ്രഖ്യാപിച്ചതാണ്. എന്നാൽ നാളിതുവരെ ആയിട്ടും ഒന്നും നടന്നിട്ടില്ല. സാഹസികമായാണ് റോഡിലൂടെ ഇരു ചക്ര വാഹനങ്ങൾ യാത്ര ചെയ്യുന്നത്. 

ഇരുചക്രവാഹന യാത്രികർ റോഡിൽ  വീഴുന്നത് പതിവാണ്. ഈ മാസം മാത്രം ഇരുപത് പേർക്കാണ്  കുഴിയിൽ വീണു പരിക്കേറ്റിട്ടുള്ളത്. കലൂർ കടവന്ത്ര റോഡ് ആറു മാസത്തിലേറെയായി ഇത്തരത്തിൽ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് എന്നുള്ളതാണ് യാഥാർഥ്യം. 

റോഡിന്റെ ശോചനീയാവസ്ഥ ഗതാഗത കുരുക്കിന് വഴിയൊരുക്കുന്നുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ നടത്തിയില്ലെങ്കിൽ അപകട പരമ്പരക്ക് തന്നെ സാക്ഷ്യം വഹിക്കേണ്ടി വരും.