നീലക്കുറിഞ്ഞി വസന്തം കാണാനെത്തുന്നവരെ കാത്ത് സ്പെഷ്യൽ വിപണി

നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലെത്തുന്ന സഞ്ചാരികളെ കാത്ത്  കുറിഞ്ഞി സ്പെഷ്യല്‍ വിപണി. ഇരവികുളം ദേശിയോദ്യാനത്തിലെ വനംവകുപ്പിന്റെ വിൽപന ശാലയിലാണ് പുതിയ സാധനങ്ങള്‍ വില്‍പനയ്ക്ക് നിരന്നത്. കുറിഞ്ഞിയുടെ മനോഹാരിതയെ വിപണിയിലെത്തിച്ച് വരുമാനമാര്‍ഗം തുറന്നിടുകയാണ് ലക്ഷ്യം. 

മൂന്നാര്‍ ഇരവികുളം രാജമലയുടെ മുകളിലാണ് വനം വകുപ്പിന്റെ വിൽപ്പന ശാല. ഇവിടെയെത്തിയാൽ ആദ്യം കാണുന്നത് കുറിഞ്ഞിക്കുടകളാണ്. നീലക്കുറിഞ്ഞിപ്പൂക്കളുടെ ചിത്രം പതിപ്പിച്ച കുടകള്‍. 1080 രൂപയാണ് കുറിഞ്ഞി 'സ്പെഷ്യൽ കുടയുടെ' വില. കുറിഞ്ഞിക്കുടയ്ക്ക് ആവശ്യക്കാരേറെയാണ്.

ഇരവികുളം ദേശിയോദ്യാനത്തിന്റെ  ലോഗോ പതിപ്പിച്ച കോട്ടും ജാക്കറ്റുമൊക്കെയുണ്ട്. 500 രൂപയാണ് വില.   നീലക്കുറിഞ്ഞിയുടേയും വരയാടിന്റേയും ചിത്രം പതിച്ച കൗതുക വസ്തുക്കളും ഇവിെട ലഭ്യമാണ്. 300 രൂപമുതലാണ്  വില.

ആദിവാസികൾ വനത്തിൽ നിന്ന് ശേഖരിച്ച ശുദ്ധമായ തേനും യുക്കാലി എണ്ണയും ഇവിടെ കിട്ടും.