കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ പെരുന്നാളിന് കൊടിയേറി

കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ 333-ാമത് ഓർമ്മപ്പെരുന്നാളിന് കൊടിയേറി. ഒക്ടോബർ നാലിന് സമാപിക്കുന്ന ആഘോഷങ്ങളുെട പ്രധാന കര്‍മങ്ങള്‍ രണ്ട് ,മൂന്ന് തീയതികളിലായാണ് നടക്കുന്നത്. 

ചക്കാലക്കുടിയിലെ വിശുദ്ധ യെൽദോ മോർ ബസേലിയോസ് ചാപ്പലിൽനിന്നും മാർത്തോം ചെറിയ പള്ളിയിലേക്ക് പ്രദക്ഷിണം എത്തിയതോടെയാണ് ബാവായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കംകുറിച്ചുള്ള കൊടിേയറ്റ് നടന്നത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെയും, ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തയുടെയും സാന്നിദ്ധ്യത്തിൽ ഫാ. ജോസ് പരുത്തുവയലിൽ കൊടി ഉയർത്തി.

ഭക്തി സാന്ദ്രമായ കൊടി ഉയർത്തൽ ചടങ്ങിന് സാക്ഷികളാകാൻ നൂറുകണക്കിന് വിശ്വാസികളാണ് പള്ളിയങ്കണത്തിലേക്ക് ഒഴുകിയെത്തിയത്.  ലക്ഷക്കണക്കിന് വിശ്വാസികളാണ് വരുംദിവസങ്ങളിൽ കോതമംഗലം ചെറിയപ്പള്ളിയിൽ ചടങ്ങുകള്‍ക്കായി എത്തുക.   പെരുന്നാൾ സമാപന ദിവസം ബാവായുടെ കബറിടം വണങ്ങി ഗജവീരൻമാർ പോകുന്നതോടെയാണ് ഈ വർഷത്തെ പെരുന്നാളിന് കൊടിയിറങ്ങുക.