ആടുകളെ ചെന്നായ്ക്കൂട്ടം കടിച്ചുകൊന്നു, മറയൂരിൽ വന്യമൃഗശല്യം രൂക്ഷം

ഇടുക്കി മറയൂരില്‍ വന്യമൃഗശല്യം രൂക്ഷം. അഞ്ച് ആടുകളെ ചെന്നായകൂട്ടം കടിച്ചു കൊന്നു. വനം വകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമായി.

കാട്ടാന ശല്ല്യത്തിന് പുറമെ ചെന്നായക്കൂട്ടവും ജനവാസ മേഖലകളില്‍ ഭീഷണിയായി. അഞ്ച്‌നാട്, മറയൂര്‍  മേഖലയില്‍ ആളുകള്‍ ഭീതിയോടെയാണ് ജീവിക്കുന്നത്.  പുത്തൂര്‍ സ്വദേശി പുളിക്കല്‍ വീട്ടില്‍ മണികണ്ഠന്റെ അഞ്ച് ആടുകളെ ചെന്നായ കൂട്ടം കടിച്ച് കൊന്നു.  ആടുകളെ മേയാന്‍  വിട്ടതിന് ശേഷം ഭക്ഷണം കഴിക്കാന്‍ തൊട്ടപ്പുറത്തെ വീട്ടില്‍ ചെന്നപ്പോഴാണ്  സംഭവം. കൂട്ടമായെത്തിയ പതിനഞ്ചോളം ചെന്നായികള്‍ ഇരുപത് മിനിററിനുള്ളില്‍  ആടുകളെ കൊന്ന് തിന്നത് സ്ഥലം വിട്ടു.  ഒരുമാസം മുന്‍പും  ഇവരുടെ ഒരു ആടിനേയും  മറ്റൊരാളുടെ  പശുകിടാവിനേയും   ചെന്നായക്കൂട്ടം  ആക്രമിച്ച് കൊന്നിരുന്നു. ഒരു കൂടുംബത്തിന്റെ ആകെയുള്ള ഉപജീവന മാര്‍ഗമാണ് ഇല്ലാതായത്.

ആടുവളര്‍ത്തല്‍ ഉപജീവനമാക്കിയിരിക്കുന്ന മണികണ്ഠന്റെ ആടുകളെ ഒന്നടങ്കം ചെന്നായ തിന്ന് തീര്‍ത്ത സാഹചര്യത്തില്‍ വനംവകുപ്പില്‍ നിന്നും നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.