മറയൂരിൽ കാട്ടാനശല്യം രൂക്ഷം; കർഷകർ കരിമ്പിന്‍ തോട്ടത്തിന് തീവച്ചു

മറയൂരിൽ കാട്ടാനയെ ഭയന്ന് കരിമ്പിന്‍ തോട്ടത്തിന് തീവച്ചു. കാട്ടാന ശല്യം രൂക്ഷമായി ജീവന് വരെ ഭീഷണിയായതിനെ തുടര്‍ന്നാണ് പലരും വീടിന് സമീപത്തെ കരിമ്പ് വെട്ടിമാറ്റി തീയിട്ടത്. കാട്ടാനയെ തടയാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. 

മറയൂര്‍ കരിമുട്ടി സ്വദേശി ഗണശന്റെ ഭാര്യ സെല്‍വിയാണ് വീടിന് സമീപത്ത് പാടത്തു കൃഷിചെയ്തിരുന്ന രണ്ട് ഏക്കര്‍ കരിമ്പ് പാകമാകും മുന്‍പ് വെട്ടിമാറ്റിയത്. 

രണ്ടാഴ്ച മുന്‍പ്  പറമ്പിലെത്തിയ കൊമ്പനെ വൈദ്യുതി ഉപയോഗിച്ച് തുരത്താൻ ശ്രമിച്ചപ്പോൾ  കാട്ടുകൊമ്പൻ ചെരിഞ്ഞിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഗണേശനെ  അറസ്റ്റ് ചെയ്തു.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാട്ടാന കൂട്ടമായെത്തി കരിമ്പ് തിന്ന് തീര്‍ക്കുകയും ജീവന് ഭീണിയാകുകയും ചെയ്തപ്പോളാണ് ഒറ്റക്കായ സെല്‍വി  അവശേഷിക്കുന്ന കരിമ്പ്  പാകമാകുന്നതിനു മുൻപ് വെട്ടിമാറ്റി തീയിട്ടത്

കഴിഞ്ഞ ദിവസം കാട്ടാന കരിമുട്ടിയിലെ കൃഷിപാടങ്ങള്‍ കടന്ന് മറയൂര്‍ ടൗണിന്റെ സമീപത്തെത്തി മൃഗാശുപത്രിയുടെ ഗെയ്റ്റ് തകര്‍ക്കുകയും സമീപത്തെ പള്ളിവക കരിമ്പ് തോട്ടത്തിലിറങ്ങി വിളകൾ തിന്ന് നശിപ്പിക്കുകയും ചെയ്തു