ജീവന്‍ പണയംവച്ച് കാക്കനാട് അത്താണിയില്‍ 13 കുടുംബങ്ങള്‍

ഏതുനിമിഷവും ഇടിഞ്ഞുവീഴാറായ മണ്‍തിട്ടയ്ക്ക് മുകളിലും കീഴെയുമായി ജീവന്‍ പണയംവച്ച് കാക്കനാട് അത്താണിയില്‍ 13 കുടുംബങ്ങള്‍. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചില്‍ കുട്ടികളടക്കമുള്ളവരുെട ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. 18 വര്‍ഷങ്ങളായി നല്‍കുന്ന പരാതികള്‍ക്ക് ഇതുവരെ പരിഹാരമില്ല.

ഇടിഞ്ഞു വീഴാറായ ഈ മണ്‍തിട്ടയ്ക്ക് കീഴെയും മുകളിലുമായാണ് അത്താണി ഇരുപത്തിയൊന്ന് കോളനിയിലെ 13 കുടുംബങ്ങളുടെ ജീവിതം. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഞാണിന്മേല്‍ കളിയാണിത്. ഇനിയൊരു മഴ കൂടി ശക്തമായി പെയ്താല്‍ മുകളില്‍ ഇക്കാണുന്ന വീടുകളും െസപ്റ്റിക്ക് ടാങ്കും അടക്കമുള്ള നിര്‍മാണങ്ങളുടെ അവസ്ഥ എന്താകുമെന്ന് പറയാന്‍ കഴിയില്ല. ഇക്കഴിഞ്ഞ മഴക്കുണ്ടായ മണ്ണിടിച്ചില്‍ അതാണ് സൂചിപ്പിക്കുന്നത്.  

1999 മുതല്‍ തൃക്കാക്കര പഞ്ചായത്തില്‍ പരാതി നല്‍കുന്നുണ്ട്. എന്നാല്‍ നടപടിയൊന്നുമില്ല. കരിങ്കല്ല് കെട്ടാനായി പത്തുവര്‍ഷം മുന്‍പ് പണം അനുദിച്ചെങ്കിലും നിര്‍മാണം ഏറ്റെടുക്കാന്‍ ആരുമില്ലാതെ തുക പാഴായിപ്പോയി. പിന്നീട് അധികാരികള്‍ ഇവിടെ വരുന്നത് ഇക്കഴിഞ്ഞ പ്രളയ കാലത്താണ്. അന്നിവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. എന്നാല്‍ മഴ മാറിയതോടെ തിരിച്ചെത്തിയവരുടെ ജീവിതം വീണ്ടും പഴയപടി ഭീതിയുടെ നിഴലില്‍ തന്നെ. കോളനി നിവാസികള്‍ക്ക് അത്താണിയിലെ സര്‍ക്കാര്‍ പുറമ്പോക്കില്‍ വീടുവച്ചു നല്‍കാനുള്ള തീരുമാനം ജില്ലാ ഭരണകൂടവും നഗരസഭയും ചേര്‍ന്നെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വാഗ്ദാനം ഇവര്‍ക്ക് ആശ്വാസമല്ല, കാരണം മുന്‍ അനുഭവങ്ങള്‍ തന്നെയാണ്.