പ്രളയത്തില്‍ മുങ്ങിപോയ കല്യാണങ്ങള്‍ക്ക് പുതുജീവന്‍ നൽകി എറണാകുളം കരയോഗം

പ്രളയകെടുതിയില്‍ കല്യാണം മുടങ്ങിപോയവര്‍ക്ക് സൗജന്യമായി കതിര്‍മണ്ഡപങ്ങളൊരുക്കി എറണാകുളം കരയോഗം. പ്രളയത്തില്‍ മുങ്ങിപോയ പരമാവധി കല്യാണങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

രുഗ്മ താമസിക്കുന്ന ദുരിതാശ്വാസ ക്യാംപില്‍ വെള്ളം കയറും എന്നുറപ്പോയതോടെ സുഭാഷ് ഒന്നും നോക്കിയില്ല. നേരെ ചെന്നു തന്റെ പ്രതിശ്രുതവധുവിനെ ഇറക്കികൊണ്ട് വരാന്‍. നേരത്തെയുറപ്പിച്ച കല്യാണം മുടങ്ങിപോകുമോ എന്ന ആശങ്കയിലിരുന്ന ഇവര്‍ക്ക് പുതുജീവിതം സമ്മാനിച്ചത് എറണാകുളം കരയോഗമാണ്. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ കല്യാണം സൗജന്യമായി നടത്തികൊടുക്കാനാണ് കരയോഗത്തിന്റെ തീരുമാനം. 

150 പേര്‍ക്കുള്ള ഊണും , കല്യാണം നടത്താനുള്ള ഹാളും സൗജന്യം. ഇത് കൂടാതെ, വധു വരന്മാര്‍ക്ക് പതിനായിരം രൂപയുടെ ധനസഹായവും. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് കല്യാണങ്ങള്‍ സൗജന്യമായി നടത്തികൊടുക്കാന്‍ കരയോഗം തീരുമാനിച്ചിരിക്കുന്നത്.