ബോട്ടു ജെട്ടികള്‍ നിര്‍മിക്കാന്‍ ചീനവലകള്‍ നീക്കം ചെയ്യില്ലെന്ന് കെഎംആര്‍എൽ

ജലമെട്രോ പദ്ധതിയുടെ ഭാഗമായി ബോട്ടു ജെട്ടികള്‍ നിര്‍മിക്കാന്‍  ഫോര്‍ട്ടു കൊച്ചി ബീച്ചിലെ ചീനവലകള്‍ നീക്കം ചെയ്യില്ലെന്ന് കെഎംആര്‍എല്‍.   കൊച്ചിയുടെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ പ്രതീകമായ ചീനവലകള്‍ നീക്കം ചെയ്തുളള നിര്‍മാണം വിവാദമായ പശ്ചാത്തലത്തിലാണ് മെട്രോ ഏജന്‍സിയുടെ നിലപാട് മാറ്റം. ചീനവല പൊളിക്കാനുളള നീക്കത്തിനെതിരെ നാട്ടുകാരും മല്‍സ്യ തൊഴിലാളികളും രംഗത്തുവന്നിരുന്നു.  

കൊച്ചിയുടെ അടയാളമാണ് അഞ്ചു നൂറ്റാണ്ടു പഴക്കമുളള ഈ ചീനവലകള്‍. കൊച്ചിയിലെമ്പാടും ചീനവലകളുണ്ടെങ്കിലും ഫോര്‍ട്ടുകൊച്ചി കടല്‍ത്തീരത്തോട് ചേര്‍ന്നു കിടക്കുന്ന ചീനവലകളാണ് ഇവയില്‍ ഏറ്റവും വലുത്. ജലമെട്രോ പദ്ധതിയുടെ ഭാഗമായുളള ബോട്ടു ജെട്ടി നിര്‍മാണത്തിനായി കൂറ്റന്‍ ചീനവലകളില്‍ ചിലത് നീക്കം ചെയ്യാനുളള നീക്കമാണ് വിവാദത്തില്‍ കലാശിച്ചത്. മല്‍സ്യതൊഴിലാളികളും ഈ നീക്കത്തിനെതിരെ രംഗത്തെത്തി.

എതിര്‍പ്പു ശക്തമായതോടെയാണ് നീക്കത്തില്‍ നിന്ന് പിന്‍മാറുന്നെന്ന സൂചനയുമായി കെഎംആര്‍എല്‍ രംഗത്തുവന്നത്. ചീനവലകള്‍ നീക്കം ചെയ്യാതെ തന്നെ ഫോര്‍ട്ടുകൊച്ചിയില്‍ ബോട്ടുജെട്ടികള്‍ സ്ഥാപിക്കുമെന്നും പൊളിഞ്ഞ ചീനവലകള്‍ സര്‍ക്കാര്‍ ചിലവില്‍ അറ്റകുറ്റപ്പണി നടത്തുമെന്ന ഉറപ്പും മെട്രോ ഏജന്‍സി നല്‍കുന്നു.