മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത മണ്ണിടിച്ചില്‍ ഭീഷണിയിൽ

മണ്ണുത്തി...വടക്കഞ്ചേരി ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഭീഷണി. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞിരുന്നു. റോഡിനരകിലുള്ള പാറകള്‍ പൊട്ടിച്ചുനീക്കാതെ ഗതാഗതം തുറന്നാല്‍ അപകടം സംഭവിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. 

കുതിരാന്‍ തുരങ്കത്തിനു സമീപമാണ് മണ്ണിടിച്ചില്‍. തുരങ്കത്തിന്റെ തൊട്ടു മുമ്പിലുള്ള റോഡില്‍ അപകടം പതിയിരിപ്പുണ്ട്. പാറകള്‍ക്കു മീതെ കൂറ്റന്‍മരങ്ങള്‍ നില്‍ക്കുന്നു. കനത്തമഴ പെയ്താല്‍ ഈ മരങ്ങള്‍ താഴോട്ട് പതിക്കും. വലിയ അപകടം വരുത്തിവയ്ക്കും. തുരങ്കത്തിനു മുമ്പിലുള്ള പാറക്കൂട്ടങ്ങള്‍ നീക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എത്രയും വേഗം റോഡു പണി പൂര്‍ത്തിയാക്കി ടോള്‍ പരിക്കാനാണ് തിടുക്കം കൂട്ടുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സുരക്ഷയുടെ കാര്യത്തില്‍ ദേശീയപാത അധികൃതര്‍ പുല്ലുവില കല്‍പിക്കുന്നുവെന്ന് നാട്ടുകാര്‍ രോഷത്തോടെ പറയുന്നു.

പട്ടിക്കാടും കുതിരാനിലും സമാനമായ സ്ഥിതിയാണ്. മലവെള്ളപാച്ചില്‍ വന്നാല്‍ ഇതുവഴിയുള്ള ഗതാഗതം മുടങ്ങുമെന്ന് ഉറപ്പ്. ഏതുസമയത്തും താഴേയ്ക്കു വീഴാവുന്ന പാകത്തില്‍ നില്‍ക്കുന്ന മരങ്ങളെങ്കിലും നീക്കിയില്ലെങ്കില്‍ അത്യാഹിതം സംഭവിക്കുമെന്നാണ് നാട്ടുകാരുടെ ഭീതി.