കനത്ത മഴ; കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

മഴ ശക്തമായി തുടരുന്നതിനാല്‍ കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ മേഖലയില്‍ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് 94 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. റോഡ് ഗതാഗതവും വൈദ്യുതിയും പൂര്‍ണമായും തടസപ്പെട്ടതോടെ മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ടു

മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമായി തുടരുകയാണ്. മീനച്ചിലാറും മണിമലയാറും  കായലുകളും കരകവിഞ്ഞ് ഒഴുകി. കോട്ടയം നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്കം രൂക്ഷം. മിക്ക വീടുകളും വെള്ളത്തിനടിയിലായി. 

ആശയവിനിമയ സംവിധാനങ്ങളൊന്നും ഇല്ലാതെ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളും നിരവധി. ആര്‍പ്പൂക്കരയില്‍ മുട്ടോളം വെള്ളത്തിൽ കെട്ടിഉയർത്തിയ താൽക്കാലിക തറയിലാണ് മരിച്ചയാളുടെ ശവദാഹം നടത്തിയത്. 

പനയമ്പത്ത് വള്ളപുരയില്‍ പെണ്ണമ്മയെ ആണ് വെള്ളക്കെട്ടില്‍ താത്കാലിക സൗകര്യമൊരുക്കി ദഹിപ്പിച്ചത്. വെള്ളപ്പൊക്കം രൂക്ഷമായതോടെ ആറ് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുടങ്ങി. 15 ക്യാംപുകളായി  271 പേരാണ് അഭയം തേടിയത്. ക്യാംപുകളിൽ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്യുന്നത്.  കനത്ത മഴയില്‍ ഇരച്ചുകയറിയ വെള്ളം തിരിച്ചിറങ്ങണമെങ്കില്‍ മാസങ്ങളെടുക്കും