തൊടുപുഴയിൽ വോളിബോൾ ടൂർണമെൻറ് പൊലീസ് തടഞ്ഞു

സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെയും എസ്ഐയെയും സംഘാടക സമിതിയിൽ ഉൾപ്പെടുത്താത്തതിന്റെ പേരിൽ തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറില്‍ വോളിബോൾ ടൂർണമെന്റ് പൊലീസ് തടഞ്ഞു.  മത്സരം മുടങ്ങിയതിനെ തുടർന്ന് മത്സര നടത്തിപ്പുകാരും നാട്ടുകാരും നടുറോഡിൽ വോളിബോൾ കളിച്ചു പ്രതിഷേധിച്ചു. 

തൊടുപുഴ–പുളിയൻമല റോഡിലാണ്  നാട്ടുകാരുടെയും കാഞ്ഞാർ വിജിലന്റ്  ക്ലബ്  അംഗങ്ങളുടെയും  ഈ വോളിബോള്‍  കളി. നടുറോട്ടിലിറങ്ങി വോളിബോള്‍ കളിച്ച് പ്രതിഷേധിക്കേണ്ട അവസ്ഥയിലേക്ക് ഇവരെയെത്തിച്ചത് അതിനേക്കാള്‍ വലിയ രാഷ്ട്രീയക്കളികള്‍. ടൂർണമെന്റിന്റെ സംഘാടന സമിതിയിൽ സിപിഎം ഇടുക്കി ജില്ല കമ്മിറ്റി അംഗവും സ്‌പോർട്ടസ് കൗൺസിൽ ജില്ല പ്രസിഡന്റുമായ കെ.എൽ. ജോസഫിനെയും, നാട്ടുകാരനായ എസ്ഐ: ജബ്ബാറിനെയും ഉൾപ്പെടുത്താതാണ് ടൂർണമെന്റ് തടസപ്പെടാൻ കാരണമെന്ന് ക്ലബ്ബ് ഭാരവാഹികൾ ആരോപിച്ചു. ഇന്നലെ മുതല്‍ മൂന്നു ദിവസങ്ങളിലായി  കാഞ്ഞാർ വിജിലന്റ് സ്റ്റേഡിയത്തിൽ നടത്താനിരുന്ന അഖില കേരള വോളിബോൾ ഡിപ്പാർട്ട്‌മെന്റ് ടൂർണമെന്റ് മത്സരങ്ങളാണ് തടസപ്പെട്ടത്.  

സിപിഎം നേതാവിനെ സംഘാടക സമിതി ചെയർമാനാക്കിയാൽ  മാത്രമേ മത്സരം നടക്കുകയുള്ളുവെന്നും കാഞ്ഞാർ സിഐ: മാത്യു വർഗീസ് അറിയിച്ചതായി ക്ലബ് ഭാരവാഹികൾ പറയുന്നു. സംഘാടക സമിതിയിൽ കൂടുതൽ പേരുള്ളതിനാൽ, സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെയും, എസ്ഐയെയും ഉൾപ്പെടുത്തേണ്ടെന്നു തീരുമാനിച്ചു.  ഇതോടെയാണു  മത്സരം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞാർ പൊലീസ് ക്ലബ് ഭാരവാഹികൾക്ക് നിർദേശം നൽകിയത്.   മത്സരം നടന്നാൽ സംഘർഷസാധ്യതയുണ്ടാകുമെന്നു സ്പെഷ്വൽ ബ്രാഞ്ച് മുന്നറിയിപ്പുനല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വര്‍ഷങ്ങളായി നടന്നുവരുന്ന കാഞ്ഞാര്‍ ടൂര്‍ണമെന്റില്‍ ഇതുവരെ  സംഘര്‍ഷങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.