തൃശൂര്‍ പൂരത്തില്‍ എട്ടു ഘടകക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായം മുടങ്ങി

തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന എട്ടു ഘടകക്ഷേത്രങ്ങള്‍ക്കുള്ള ടൂറിസം വകുപ്പിന്റെ ധനസഹായം ഒരുവര്‍ഷമായി  ലഭിച്ചിട്ടില്ല. ടൂറിസം വകുപ്പ് പണം അനുവദിച്ചെങ്കിലും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തടഞ്ഞതാണ് ധനസഹായം കിട്ടാതിരിക്കാന്‍ കാരണം. 

തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന എട്ടു ഘടകക്ഷേത്രങ്ങള്‍ക്കും കൂടി പതിനഞ്ചു ലക്ഷം രൂപയാണ് ടൂറിസം വകുപ്പിന്റെ ധനസഹായമായി ലഭിക്കേണ്ടത്. ഇതു കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന് കിട്ടേണ്ട ധനസഹായമാണ്. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ പണം അനുവദിച്ചതായി പറഞ്ഞു. പക്ഷേ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് പൂരം ഏകോപന സമിതിയ്ക്കു കൈമാറരുതെന്ന് നിര്‍ദ്ദേശമുണ്ടെന്ന് പറയുന്നു. കഴി‍ഞ്ഞ പതിനൊന്നുവര്‍ഷമായി പൂരം ഏകോപന സമിതിയാണ് ഘടകക്ഷേത്രങ്ങള്‍ക്കുള്ള ടൂറിസം ധനസഹായം തുല്യമായി വീതിച്ചു നല്‍കുന്നത്. ധനസഹായം അനുവദിക്കാത്തത് ദേവസ്വം ബോര്‍ഡിന്റെ അജണ്ടയാണെന്ന് പൂരം ഏകോപന സമിതി കുറ്റപ്പെടുത്തി.

അതേസമയം, ഘടകക്ഷേത്രങ്ങള്‍ക്ക് ധനസഹായം കൈമാറുന്നതില്‍ ഇടനിലക്കാരായി പൂരം ഏകോപന സമിതി വേണ്ടെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിന്റേതെന്ന് അറിയുന്നു. ഘടകക്ഷേത്രങ്ങള്‍ക്ക് നേരിട്ട് തുക കൈമാറാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. എന്നാല്‍, പൂരത്തിന് ദേവസ്വം ബോര്‍ഡ് നല്‍കേണ്ട ധനസഹായം ഇതിനോടകം ഘടകക്ഷേത്രങ്ങള്‍ക്ക് അനുവദിച്ചിട്ടുമുണ്ട്.