ചെങ്ങന്നൂരിൽ ഒരുമാസത്തെ ഇടവേളയില്‍ വീണ്ടും തൊഴിൽ മേള

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ ഒരു മാസത്തിന്റെ ഇടവേളയിൽ രണ്ടാമതും തൊഴിൽമേള. കേന്ദ്ര തൊഴിൽമന്ത്രായത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ മേളയ്ക്ക് പിന്നാലെയാണ് സംസ്ഥാന തൊഴിൽവകുപ്പും തൊഴിൽമേള സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ നടക്കുന്ന തൊഴിൽമേളയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. എഴുപത്തിനാല് കന്പനികൾ എംപ്ലോയബിലിറ്റി സെന്ററിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന മൂവായിരത്തി അറുന്നൂറോളം തൊഴിലവസരങ്ങളാണ് മേളയുടെ പ്രത്യേകത. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള ഉദ്യോഗാർഥികൾക്കുവേണ്ടിയാണ് നിയുക്തി 2018 എന്ന പേരിൽ മേള സംഘടിപ്പിച്ചത്. ഓൺലൈൻ, സ്പോട്ട് രജിസ്ട്രേഷൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ആകെ അയ്യായിരത്തിലധികം ഉദ്യോഗാർഥികൾ മേളയ്ക്കെത്തിയിരുന്നു. പൂർണമായും സർക്കാർ പരിപാടിയെന്ന നിലയിൽ രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യം ഒഴിവാക്കുകയും ചെയ്തു.

കഴിഞ്ഞമാസം പതിനെട്ടാംതീയതി കേന്ദ്രതൊഴിൽ മന്ത്രാലയവും ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്ണന്റെ സൈൻ എന്ന സംഘടനയും ചേർന്ന് ചെങ്ങന്നൂരിൽ തൊഴിൽമേള സംഘടിപ്പിച്ചിരുന്നു.ബി.ജെ.പി നേതാക്കളുടെമാത്രം സാന്നിധ്യംകൊണ്ട് വിവാദമായ പരിപാടിക്കെതിരെ സി.പി.എമ്മും കോൺഗ്രസും പരാതിയും നൽകിയിരുന്നു.