ബിജെപി അങ്ങനെ നിന്നാല്‍ യുഡിഎഫ് വീഴും; താമര താഴ്ന്നാല്‍ കൈ ഉയരും

ബിജെപി പിടിക്കുന്ന വോട്ടുകളായിരിക്കും ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റ വിധി നിര്‍ണയിക്കുക. കഴിഞ്ഞതവണത്തെ 43000 വോട്ടുകള്‍ അതേപടി നിലനിര്‍ത്താന്‍ ബി.ജെ.പിക്കായാല്‍ യു.ഡി.എഫിന്റ നില പരുങ്ങലിലാകും. വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ വിധിച്ചിത്രം തെളിയുമെന്ന് ചുരുക്കം. 

2011ല്‍ 6062 വോട്ടുകള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി 2016 ല്‍ പിടിച്ചത് 42682 വോട്ട്. യു.ഡി.എഫിന്റ വോട്ട് 65000 ല്‍ നിന്ന് 44000 ആയി കുറയുകയും ചെയ്തു. ബി.ജെ.പിയിലേക്ക് പോയ ഈ വോട്ടുകള്‍ തിരിച്ചുപിടിക്കുകയായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പോളിങ് ബൂത്തിലെത്തുവരെയും യു.ഡി.എഫ് പയറ്റിയ തന്ത്രങ്ങളുടെയെല്ലാം പിന്നിലെ ലക്ഷ്യം. ബി.ജെ.പിയുടെ വോട്ട് 42000 ല്‍ നിന്ന് പരമാവധി 30000 ആയി ചുരുങ്ങണം. 

ബാക്കി വോട്ടുകള്‍ അതേപടി യു.ഡി.എഫിന്റ പെട്ടിയില്‍ വീണിട്ടുമുണ്ടാകണം. അങ്ങനെയെങ്കില്‍ യു.ഡി.എഫിന് പ്രതീക്ഷ വയ്ക്കാം. കഴിഞ്ഞതവണ അഞ്ചുപഞ്ചായത്തുകളില്‍ യു.ഡി.എഫ് ബി.ജെ.പിക്കും പിന്നില്‍പോയിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന വെണ്‍മണിയില്‍പോലും 637 വോട്ടിന്റ മേല്‍ക്കൈ ഉണ്ടായിരുന്നു ബി.ജെ.പിക്ക്. പക്ഷെ ഇവിടെയെല്ലാം കഴിഞ്ഞതവണത്തേക്കാള്‍ പോളിങ് ശതമാനം കൂടിയത് യു.ഡി.എഫിന്റ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.  ‌

അതേസമയം ഹിന്ദുവോട്ടുകളില്‍ കണ്ണ് നട്ട് നടത്തിയ പരീക്ഷണങ്ങള്‍ മതന്യൂനപക്ഷങ്ങളെ അകറ്റിയോ എന്ന ആശങ്ക യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. അവസാന നിമിഷം വരെ യു.ഡി.എഫ് ക്യാംപ് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കാത്തതും ആ പേടികൊണ്ടുതന്നെ.

MORE IN KERALA