പിഎസ്‌സിയിലും ചോർച്ച; കൊമേഴ്സ് അധ്യാപക തസ്തികയിലേക്കുള്ള ചോദ്യപ്പേപ്പർ ചോർന്നു

ഹയര്‍സെക്കന്‍‍ഡറി കൊമേഴ്സ് അധ്യാപക തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്നാരോപണം. പരീക്ഷ റദ്ദാക്കണമെന്നും ചോദ്യപ്പേപ്പർ ചോർന്നതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹയർ സെക്കണ്ടറി കൊമേഴ്സ് അധ്യാപക തസ്തികയിലേക്ക് പി.എസ്.സി പ്രവേശന പരീക്ഷ നടത്തിയത്. മുന്നൂറിലേറെ ഒഴിവുകളിലേക്ക് സംസ്ഥാനത്താകെ 7500 ഓളം പേരാണ് പരീക്ഷയെഴുതിയത്. പരീക്ഷ നടക്കുന്നതിന് ദിവസങ്ങൾക്കു മുൻപേ തിരുവനന്തപുരം വെഞ്ഞാറമ്മൂടുള്ള എൻട്രൻസ് കോച്ചിങ്ങ് സെന്ററിലൂടെ ചോദ്യപ്പേപ്പർ ചോർന്നെന്ന് ഉദ്യാഗാർഥികൾ ആരോപിക്കുന്നു. പ്രവേശന പരീക്ഷയിലെ ചോദ്യങ്ങളിൽ ഏറിയ പങ്കും വിഷയത്തിനു പുറത്തു നിന്നായിരുന്നെന്നും ആക്ഷേപമുണ്ട്. 

ആറുവർഷത്തിന് ശേഷമാണ് പിഎസ്‌സി ഈ തസ്തികയിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നത്. താൽക്കാലിക ജോലി ഉപേക്ഷിച്ച് ഒരു വർഷത്തോളം പരീക്ഷക്കായി തയാറെടുത്തവരാണ് ഭൂരിഭാഗവും. പലരുടേയും അവസാന അവസരമായിരുന്നു ഇത്. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ഗാന്ധി സ്ക്വയറിൽ നൂറോളം ഉദ്യോഗാർഥികളാണ് ഒത്തുചേർന്നത്. ഇനി പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ സത്യഗ്രഹമാരംഭിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ