തേക്കടിയിൽ ജലനിരപ്പ് താഴ്ന്നു; ബോട്ടിങ് പ്രതിന്ധിയിൽ

തേക്കടിയിലെ ബോട്ടിങ്ങ് പ്രതിസന്ധിയിലാക്കി തടാകത്തിലെ ജലനിരപ്പ് 112 അടിയിലേക്ക് താഴ്ന്നു. വേനല്‍ മഴയുടെ ദൗര്‍ലഭ്യമാണ് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായത്. കുമളി, ചക്കുപള്ളം പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമത്തിനും ഇത് കാരണമാകും. 

വേനലിന്റെ കാഠിന്യം നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശ്വാസമായി വേനല്‍മഴ എത്തിയെങ്കിലും മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ മാറി നിന്നു. ഉള്‍വനത്തിലെ അരുവികളും വെള്ളച്ചാട്ടങ്ങളും വറ്റി വരണ്ടു. സെക്കന്‍ഡില്‍ 128ഘനയടി വെള്ളം മാത്രമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും ഗണ്യമായി കുറച്ചു. തടാകത്തിലെ ജലനിരപ്പ് കുറഞ്ഞതോടെ ബോട്ടിങും പ്രതിസന്ധിയിലായി. തടാകത്തിലെ മരക്കുറ്റികളില്‍ ബോട്ടുകള്‍ തട്ടി അപകടസാധ്യതയും ഏറി. ജലനിരപ്പ് 110 അടി പിന്നിട്ടാല്‍ ബോട്ടിങ് അസാധ്യമാകും. കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ക്കാവശ്യമായ വെള്ളം ശേഖരിക്കുന്നതും തേക്കടി തടാകത്തില്‍ നിന്നാണ്. ജലനിരപ്പ് 110 അടിയിലും താഴ്ന്നാല്‍ പമ്പിങിന് തടസ്സം നേരിടും. സോട്ട്

മുന്‍പ് ജലനിരപ്പ് താഴ്ന്നപ്പോള്‍ മണല്‍ച്ചാക്കുകള്‍ കെട്ടി ചിറ നിര്‍മ്മിച്ചാണ് പമ്പിങ് നടത്തിയത്. എന്നാല്‍ വാട്ടര്‍ അഥോറിറ്റിയുടെ ഭാഗത്തു നിന്ന് ഇടപെടലൊന്നും ഉണ്ടായിട്ടില്ല. കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.