കൊച്ചിയിലെ ലെസി വില്‍പന കേന്ദ്രങ്ങളില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന

കൊച്ചിയിലെ ലെസി വില്‍പന കേന്ദ്രങ്ങളില്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. വിവിധ ഗോഡൗണുകളില്‍ നിന്ന് പിടിച്ചെടുത്ത നിര്‍മാണവസ്തുക്കളുടെ പരിശോധന പൂര്‍ത്തിയാകും വരെ ലെസി വില്‍പന പാടില്ലെന്ന് നഗരസഭ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ച കടകളില്‍ നിന്ന് ലെസിയടക്കം പിടിച്ചെടുത്തു.

നഗരസഭയുടെ നിര്‍ദേശങ്ങള്‍ വ്യാപാരികള്‍ അവഗണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആരോഗ്യവിഭാഗം വീണ്ടും റെയ്ഡിനിറങ്ങിയത് . എവിടെയുണ്ടാക്കിയെതന്നും  എന്തെല്ലാം അസംസ്കൃത വസ്തുക്കള്‍ ചേര്‍ത്തെന്നും നിശ്ചയമില്ലാത്ത അമ്പത് ലിറ്ററോളം ലെസി വിവിധ കടകളില്‍ നിന്നായി പരിശോധനാസംഘം പിടിച്ചെടുത്തു. കൊച്ചി മാമംഗലത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലെസി നിര്‍മാണ യൂണിറ്റ് പൂട്ടിയശേഷം നഗരത്തില്‍ ആരോഗ്യവിഭാഗം വ്യാപകമായി പരിശോധന നടത്തുകയും ലെസി സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു . പരിശോധനാഫലം പുറത്തുവരുന്നതുവരെ പുറത്തു നിന്നെത്തിക്കുന്ന ലെസി ഉല്‍പന്നങ്ങള്‍ വില്‍ക്കരുതെന്നായിരുന്നു നിര്‍ദേശം .ഇത് അവഗിണിക്കപ്പെട്ടതോടെയാണ് വീണ്ടും പരിശോധന 

ചില മൊത്തവ്യാപാരികള്‍ ഇപ്പോഴും ലെസി ക്രിത്രിമമായി നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ടെന്നാണ് നഗരസഭ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുള്ള വിവരം .ഇത് മുന്നില്‍ കണ്ട് കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. മാത്രമല്ല ഇക്കാര്യത്തില്‍ ജനങ്ങളും ജാഗ്രതപാലിക്കണമെന്ന് നഗരസഭ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കി.