അങ്കമാലിയില്‍ ടിപ്പര്‍ ലോറികളുടെ അഴിഞ്ഞാട്ടം

നിയമങ്ങള്‍ കാറ്റില്‍ പറത്തി എറണാകുളം അങ്കമാലിയില്‍ ടിപ്പര്‍ ലോറികളുടെ അഴിഞ്ഞാട്ടം. ലോറികളുടെയെണ്ണം വര്‍ദ്ധിച്ചതോടെ നാട്ടുകാര്‍ സംഘടിച്ച് റോഡിലിറങ്ങി ലോറി തടഞ്ഞു. സ്കൂള്‍ പരിധി പോലും കണക്കിലെടുക്കാതെയാണ് വാഹനങ്ങള്‍ ഈ പ്രദേശത്തിലൂടെ ചീറിപായുന്നത്. 

  

തലങ്ങും വിലങ്ങും അമിതവേഗത്തിലോടുന്ന ലോറികള്‍ അങ്കമാലി താബോര്‍ നിവാസികള്‍ക്ക് പതിവ് കാഴ്ച്ചയാണ്. പല തവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രംഗത്തിറങ്ങി ലോറികള്‍ തടഞ്ഞത്. സമീപപ്രദേശമായ മുക്കന്നൂരില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളില്‍ നിന്നുള്ള ലോഡ് കയറ്റിയാണ് ലോറികള്‍ ഇതുവഴി വരുന്നത്. 

അമിതഭാരം കയറ്റി വരുന്ന ലോറികള്‍ കാരണം റോഡ് തകര്‍ന്നതിന് പുറമെ റോഡരികിലുള്ള കുടിവെള്ള പൈപ്പുകള്‍ക്കും ഭീഷണിയായിരിക്കുകയാണ്. പൈപ്പ് പൊട്ടി റോഡിനിരുവശവും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരുടെ ദുരിതവും വര്‍ദ്ധിച്ചു.