വയനാട്ടിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ; നിയന്ത്രണങ്ങളും കാറ്റിൽ പറത്തി

രാവിലെയും വൈകിട്ടും സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ക്കുള്ള ഗതാഗത നിരോധനം കാറ്റില്‍പ്പറത്തി മരണപ്പാച്ചിലുകള്‍ തുടരുന്നു.

അമിതവേഗത്തിലോടുന്ന ടിപ്പര്‍ സര്‍വീസുകള്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു ഹൈക്കോടതിയും സര്‍ക്കാരും ഇടപെട്ടത്. വയനാട് ജില്ലയില്‍ സ്കൂളുകളുടെ മുന്നില്‍പ്പോലും അപകടക്കെണിയൊരുക്കി ടിപ്പറുകള്‍ കുതിച്ചുപായുകയാണ്.

വയനാട് ജില്ലയില്‍ രാവിലെ 8.30 മുതല്‍ പത്തുമണിവരെയാണ് ടിപ്പര്‍ ലോറികള്‍ക്ക്  നിയന്ത്രണം. എന്നാല്‍ ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച സര്‍ക്കുലറൊന്നും ഇത്തരം വാഹനങ്ങള്‍ക്ക് ബാധകമേയല്ല. രാവിലെ കല്‍പറ്റ എസ്കെഎംജെ ഹയര്‍ സെക്കണ്ടറി സ്കൂളിന് മുന്നിലുള്ള കാഴ്ചയാണിത്. വിവിധ സ്ഥലങ്ങളില്‍ നിന്നും ബസുകളില്‍ വന്നിറങ്ങുന്ന കുട്ടികളുടെ മുന്നിലൂടെയാണ് പരക്കം പാച്ചിലുകള്‍.

മറ്റ് സ്കൂളുകളുടെ മുന്നില്‍പ്പോയപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. ഉച്ചയ്ക്ക് ശേഷം മൂന്നരമണി മുതല്‍ അഞ്ച് വരെയാണ് നിയന്ത്രണം. വൈകീട്ട് നാല് മണിക്ക് വൈത്തിരി എച്ച്ഐഎം യുപി സ്കൂളിന് മുന്‍വശമാണിത്. സ്കൂള്‍ വിടുന്ന സമയങ്ങളിലും ദേശീയപാതയിലൂടെ ടിപ്പറുകള്‍ പറക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ നിന്നും താമരേശി ചുരം കടന്ന് ഇങ്ങനെ നൂറ് കണക്കിന് ടിപ്പറുകളാണ് ദിവസവും വയനാട്ടിലേക്ക് എത്തുന്നത്.