ഗുരുവായൂർ ക്ഷേത്രത്തിലെ ഉല്‍സവത്തിന് കൊടിയിറങ്ങി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പത്തുദിവസം നീണ്ട ഉല്‍സവത്തിന് ആറാട്ടോടെ കൊടിയിറക്കം. ഇന്നലെ സന്ധ്യയ്ക്കു അഞ്ചാനകളുടെ അകമ്പടിയില്‍ പുറത്തേയ്ക്ക് എഴുന്നള്ളി. നിറപറകളും അലങ്കാരങ്ങളുമായി ഭക്തര്‍ വരവേറ്റു.  

കുളപ്രദക്ഷിണം പൂര്‍ത്തിയാക്കി ആറാട്ടുക്കടവില്‍ ഇറക്കിയെഴുന്നള്ളിച്ച് ആറാട്ടു ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. കുളക്കരയില്‍ കാത്തുനിന്ന ആയിരങ്ങള്‍ രുദ്രതീര്‍ഥത്തില്‍ മുങ്ങിക്കയറി ആറാട്ടു കുളിച്ചു. ഭഗവതിക്ഷേത്രത്തില്‍ ഉച്ചപൂജ കഴിഞ്ഞ് ആനപ്പുറത്ത് പതിനൊന്ന് ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിയിറങ്ങി. ചരിത്രപ്രസിദ്ധമായ പള്ളിവേട്ടയ്ക്കു ആയിരങ്ങളാണ് സാക്ഷ്യം വഹിച്ചത്. 

പക്ഷി, മൃഗാദികളുടെ വേഷം ധരിച്ച് ഒട്ടേറെ പേര്‍ പള്ളിവേട്ടയില്‍ പങ്കെടുത്തു. തങ്കിത്തിടമ്പില്‍ എഴുന്നള്ളിയ കണ്ണനെ വണങ്ങാന്‍ ആയിരങ്ങളാണ് ഗുരുവായൂരില്‍ എത്തിയത്.