ദേശീയപാത വികസനം, സ്റ്റോപ് മെമ്മോ പിന്‍വലിക്കാന്‍ നടപടിയില്ല

കൊച്ചി–ധനുഷ്ക്കോടി ദേശീയപാത വികസനം തടഞ്ഞുകൊണ്ടുള്ള വനംവകുപ്പിന്‍റെ സ്റ്റോപ് മെമ്മോ പിന്‍വലിക്കാന്‍ നടപടിയില്ല. സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുന്നതിനാല്‍ ബോഡിമെട്ട് മുതലുള്ള നിര്‍മാണം നിര്‍ത്തിവെച്ചു. സിഎച്ച്ആര്‍ ഭൂമിയില്‍ റോഡ് നിര്‍മാണം തടഞ്ഞുകൊണ്ടുള്ള വനംവകുപ്പ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. 

അപകടക്കെണിയായി മാറിയ കൊച്ചി ധനുഷ്ക്കോടി ദേശിയപാത വീതികൂട്ടാനുള്ള നടപടികൾ കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത്. മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 46 കിലോമീറ്റർ റോഡിന്റെ വീതി പന്ത്രണ്ട് മീറ്ററാക്കി ഉയർത്താനാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ 380 കോടി രൂപ ചെലവിട്ടുള്ള നിർമാണം ഒന്നരവര്‍ഷംകൊണ്ട് യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വനംവകുപ്പിന്‍റെ ഇടപെടല്‍ ദേശീയപാത വികസനം പ്രതിസന്ധിയിലാക്കി. സിഎച്ച്ആര്‍ ഭൂമിയില്‍ നിര്‍മാണം അനുവദനീയമല്ലെന്ന് ചൂണ്ടികാട്ടി പെരിയകനാൽ മുതൽ ബോഡിമെട്ട് വരെയുള്ള റോഡിന്‍റെ നിര്‍മാണം തടഞ്ഞു. നാല് മാസം മുന്‍പ് നല്‍കിയ സ്റ്റോപ് മെമ്മോ പിന്‍വലിക്കാന്‍ ഇതുവരെയും നടപടിയുണ്ടായില്ല. ഇതോടെ റോഡ് നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യത്തിലെത്തി. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. വനംവകുപ്പിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

സിഎച്ച്ആറിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് അനുവദിച്ചുകൊണ്ടുള്ള കലക്ടറുടെ എൻഒസി ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. വനംവകുപ്പ് തടസവാദം ഉന്നയിച്ച സാഹചര്യത്തില്‍ റോഡ് നിര്‍മാണം നടക്കുന്ന സ്ഥലത്തെ സംബന്ധിച്ച് പി ഡബ്ല്യൂഡി, റവന്യൂ വകുപ്പുകള്‍ സംയുക്ത സര്‍വേ ആരംഭിച്ചു. ഭൂമിയുടെ അവകാശം സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് ലക്ഷ്യം.