എട്ടു കിലോ കഞ്ചാവുമായി തിരൂർ സ്വദേശി അറസ്റ്റിൽ

സംസ്ഥാനത്ത് തീയറ്ററുകളും മാളുകളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽക്കുന്ന സംഘത്തിലെ ഒരാൾ എക്സൈസ് പിടിയിലായി.എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിന് സമീപം പി.ടി ഉഷ റോഡിൽ വച്ചാണ് എട്ട് കിലോ കഞ്ചാവുമായി പ്രതി പിടിയിലായത്

മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് അലിയാണ് എക്സൈസ് പൊലീസിന്റെ പിടിയിലായത്. തേനിയിൽ നിന്നുമാണ് കഞ്ചാവെത്തിക്കുന്നതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. തമിഴ് നാട്ടിൽ സ്ഥിര താമസമാക്കിയ മുഹമ്മദ് അലി കഞ്ചാവ് വിൽപനയ്ക്ക് മാത്രമാണ് കേരളത്തിലെത്താറ്. തിരൂരിൽ നിന്നും ഇയാൾ എറണാകുളത്തെത്തുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ്  സി ഐ ടി.എസ്. ശശികുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത് .

 കഞ്ചാവ്  ഒരോ കിലോ വീതമുള്ള വിവിധ കവറുകളിലാക്കിയാണ് വിൽപ്പന. ഒരു കവറിന് മുപ്പതിനായിരം രൂപയാണ് വില. തിരൂരിൽ പ്രവർത്തിക്കുന്ന പത്തംഗ ലഹരി സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് അലി. ഇയാളെ കൂടാതെ രണ്ട് പേർ കൂടി ഇനി പിടിയിലാകാനുണ്ട് .