ജൈവപച്ചക്കറി ഉത്പാദനത്തില്‍ വിപ്ലവം സൃഷ്ടിച്ച് സർക്കാർ സ്കൂൾ

ജൈവപച്ചക്കറി ഉത്പാദനത്തില്‍ വിപ്ലവം സൃഷ്ടിച്ച് രാജാക്കാട് പഴയവിടുതി ഗവ. യു പി സ്‌കൂളില്‍ രണ്ടാംഘട്ട വിളവെടുപ്പ് ആരംഭിച്ചു. തരിശായി കിടന്ന ഒരേക്കര്‍ ഭൂമിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ കൃഷിയില്‍ നൂറുമേനി വിളവ് ലഭിച്ചു. ഹൈറേഞ്ചിലെ കാര്‍ഷിക വിദ്യാലയമെന്ന ബഹുമതിയും സ്കൂള്‍ സ്വന്തമാക്കി. 

നാല് വര്‍ഷം മുമ്പാണ് രാജാക്കാട് പഴയവിടുതി സര്‍ക്കാര്‍ യുപി സ്കൂളില്‍ പച്ചക്കറി കൃഷി ആരംഭിക്കുന്നത്. ബീന്‍സ് മാത്രമായിരുന്ന ആദ്യ വര്‍ഷത്തിലെ കൃഷി. മെച്ചപ്പെട്ട വിളവ് ലഭിച്ചതോടെ ജൈവപച്ചക്കറി കൃഷി വിപുലമാക്കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചു. അരയും തലയും മുറുക്കി അധ്യാപകരം ആവേശത്തോടെ കുട്ടികളും പദ്ധതി ഏറ്റെടുത്തു. സ്കൂളിന് സമീപത്ത് തരിശ് കിടന്ന ഒരേക്കര്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കി. തക്കാളി, കോളിഫ്‌ളവര്‍, ബീന്‍സ്, ക്യാരറ്റ്, ബീട്രൂട്ട്, വെണ്ട, വഴുതന, പയര്‍, ചീര എന്നിങ്ങനെ അമ്പതിലദികം പച്ചക്കറികളാണ് ഇവിടെ കുട്ടികര്‍ഷകരുടെ നേതൃത്വത്തില്‍ നട്ടുപരിപാലിയ്ക്കുന്നത്. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള കൃഷിയുടെ ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും നൂറുമേനി വിളവ് ലഭിച്ചു.കൃഷിവകുപ്പില്‍ നിന്ന് പരിമിതമായ തുകയാണ് കൃഷിക്കും മറ്റുമായി ലഭിക്കുന്നത്. അധ്യാപകരും മാതാപിതാക്കളും ചേര്‍ന്നാണ് കൃഷിയിറക്കാനുള്ള തുക കണ്ടെത്തുന്നത്. 

സ്കൂളിലെ ഓരോ കുട്ടിക്കും ഒരു തൈവീതം സംരക്ഷിക്കുന്ന കുടത്തൈ പദ്ധതിയും സ്കൂളില്‍ നടപ്പിലാക്കി. വേനല്‍കാലത്തും മഴക്കാലത്തും ഒരുപോലെ ചെയ്യാന്‍ കഴിയുന്ന ഇറയത്തെ പയര്‍കൃഷിയും സ്കൂളിലെ പ്രത്യേകതയാണ്. കൃഷിവകുപ്പില്‍ നിന്ന് കൂടുതല്‍ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അടുത്തഘട്ടം കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികര്‍ഷകര്‍.