ബബിതയ്ക്കും മകൾക്കും സുരക്ഷിത ഭവനം

കോടതി ഉത്തരവിനെ തുടർന്ന് പെരുവഴിയിലായ കാഞ്ഞിരപ്പള്ളി സ്വദേശി ബബിതയ്ക്കും മകൾക്കും ജനമൈത്രി പൊലീസിന്‍റെ സ്നേഹസമ്മാനമായി സുരക്ഷിതഭവനം തയ്യാറായി. പതിനൊന്ന് ലക്ഷം രൂപ മുടക്കി നിര്‍മിച്ച പുതിയ വീടിന്റെ താക്കോൽദാനം അടുത്ത വെള്ളിയാഴ്ച നടക്കും. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബബിതയ്ക്കും മകള്‍ക്കും കോടതി ഉത്തരവിനെത്തുടര്‍ന്ന് നേരിടേണ്ടി വന്ന ഈ ദുരനുഭവം അത്രപെട്ടന്ന് ആര്‍ക്കും മറക്കാനാവില്ല. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് കോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് നിര്‍ബന്ധിതമായത്. കുടിയിറക്കാനെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് തന്നെ ഒരുവര്‍ഷത്തിനിപ്പുറം ഒടുവില്‍ ഇവരുടെ രക്ഷകരായി. എസ്.ഐ , എ.എസ് അന്‍സിലിന്‍റെ നേതൃത്വത്തില്‍ പൊലീസുകാര്‍ മുന്നിട്ടിറങ്ങിയതോടെ നാട്ടുകാരും സഹായവുമായെത്തി. ബബിതയ്ക്കും മകള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ കാഞ്ഞിരപ്പള്ളി പട്ടിമറ്റത്താണ് വീട് പണിതിരിക്കുന്നത്. അഞ്ചുെസന്‍റ് സ്ഥലം വാങ്ങി അവിടെയാണ് വീടുവച്ചത്. ഇറക്കി വിട്ടവര്‍ തന്നെ കൈപിടിച്ച് കയറ്റിയതോടെ ബബിതയ്ക്കും പറഞ്ഞാല്‍ തീരാത്ത സന്തോഷം.

ബബിതയെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് കഴിഞ്ഞ ഒരുവര്‍ഷമായി നേതൃത്വം നല്‍കിയത് കാഞ്ഞിരപ്പള്ളി എസ്.ഐ അന്‍സിലാണ്. 

ബബിതയുടെ ദുരവസ്ഥ മനോരമ ന്യൂസിലൂടെ കണ്ട ടേക്ക് ഔാഫ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും അന്ന് അഞ്ച് ലക്ഷം രൂപയുടെ സഹായം നല്‍കിയിരുന്നു. അടിയന്തര സഹയമായി സര്‍ക്കാര്‍ പതിനായിരം രൂപയും നല്‍കി. രണ്ടു മുറികളും ഒരു ഹാളും, അടുക്കളയും ശുചിമുറിയും ഉൾപ്പടെയുള്ള പുതിയ വീടിന്‍റെ താക്കോല്‍ദാനം അടുത്ത വെള്ളിയാഴ്ച മന്ത്രി എം.എം.മണി നിര്‍വഹിക്കും.