വൈറ്റില മേൽപ്പാലം; ദൈവത്തിന് കത്തയച്ച് പ്രതിഷേധം

വൈറ്റില മേല്‍പ്പാല നിര്‍മാണത്തിനെതിരെ ദൈവത്തിന് കത്തയച്ച് പ്രതിഷേധം. മേല്‍പ്പാലനിര്‍മാണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് വൈറ്റില ജങ്ഷന്‍ വികസന ജനകീയ സമിതിയാണ് വ്യത്യസ്തമായ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. 

ദൈവത്തിനുള്ള സന്ദേശമെഴുതിയ ബലൂണുകള്‍ ആകാശത്തേക്കു പറത്തിയാണ് സമിതിയംഗങ്ങള്‍ പ്രതിഷേധമറിയിച്ചത്. മതനേതാക്കളുടെ കൂടി പങ്കാളിത്തത്തോടെയായിരുന്നു പ്രതിഷേധം. നിലവിലെ രീതിയില്‍ മേല്‍പ്പാലം പണിയുന്നത് വൈറ്റില ജങ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കില്ലെന്നാണ് ഇവരുടെ വാദം. മേല്‍പ്പാല നിര്‍മാണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു. ഇത് ഇടപ്പള്ളി മേല്‍പ്പാലം പോലൊരു ദുരന്തത്തില്‍ അവസാനിക്കുമെന്നും സമിതിയംഗങ്ങള്‍ ആരോപിക്കുന്നു. 

നിര്‍ദിഷ്ട പ്ലാനില്‍ കാതലായ മാറ്റങ്ങള്‍ വരുത്താതെ സമിതിയംഗം കൂടിയായ ഷെമീര്‍ അബ്ദുള്ള മുന്നോട്ട് വച്ച ചെറിയ ചില നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.