രാജക്കാട് കുടിവെള്ള പദ്ധതി; തടസവാദവുമായി വനംവകുപ്പ്

ഇടുക്കി രാജാക്കാട് കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പഞ്ചായത്തിന്‍റെ പദ്ധതിക്ക് തടസവാദവുമായി വനംവകുപ്പ്. ജലനിധിയുടെ ഭാഗമായി പൊന്‍മുടി ജലാശയത്തോട് ചേര്‍ന്ന് കുളം നിര്‍മിക്കാനുള്ള ശ്രമം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. വനംവകുപ്പിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരം ആരംഭിച്ചു. 

ഇടുക്കിയില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമായി പഞ്ചായത്തുകളില്‍ ഒന്നാണ് രാജാക്കാട്. പഞ്ചായത്തിന്‍റെ ഭാഗമായ ചേലച്ചുവടില്‍ മഴക്കാലത്ത് പോലും ശുദ്ധജലം ലഭിക്കാറില്ല. അരനൂറ്റാണ്ടിലേറെയായി നാട്ടുകാര്‍ നടത്തുന്ന സമരപോരാട്ടങ്ങളെ തുടര്‍ന്നാണ് പുതിയ കുളം കുത്തി എല്ലാ വീടുകളിലും വെള്ളമെത്തിക്കുന്ന പദ്ധതിക്ക് പഞ്ചായത്ത് രൂപം നല്‍കിയത്. ജലനിധി പദ്ധതിയില്‍ ഉല്‍പ്പെടുത്തി ഏഴുലക്ഷത്തി നാല്‍പ്പതിനായിരം രൂപാ കുളം നിര്‍മാണത്തിനായി അനുവദിക്കുകയും ചെയ്തു. കുളം നിര്‍മ്മിക്കാന്‍ പൊന്മുടി ജലാശയത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം മന്ത്രി എം.എം.മണി ഇടപ്പെട്ട് പാട്ടക്കരാറിലൂടെ നല്‍കി. പാട്ടക്കരാര്‍ പ്രകാരമുള്ള തുക അടയ്ക്കുകയും ചെയ്തു. കുളത്തിന്‍റെ നിര്‍മാണം തുടങ്ങാനിരിക്കെയാണ് സ്ഥലം വനഭൂമിയാണെന്ന് അവകാശപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നത്.ഇത് ജനങ്ങളെ ചോടിപ്പിച്ചു. 

അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പില്‍ നിന്ന് നൂറ് മീറ്റര്‍ ഒഴിവാക്കി ബാക്കിയുള്ള സ്ഥലത്ത് വനവത്കരണം നടത്താന്‍ കെഎസ്ഇബി വനംവകുപ്പിന് ഭൂമി വിട്ട്നല്‍കിയിരുന്നു. ഒഴിവാക്കിയ നൂറ് മീറ്ററില്‍ കുളം നിര്‍മിക്കാനുള്ള നീക്കമാണ് വനംവകുപ്പ് തടഞ്ഞത്. പൊന്മുടി ജലാശയത്തില്‍ ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിക്കുന്നതിനെതിരെയും വനംവകുപ്പ് രംഗത്തുവന്നിരുന്നു. വേനലിന് മുമ്പ് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.