കൊച്ചി കോര്‍പ്പറേഷന്‍റെ മാലിന്യ സംസ്കരണത്തില്‍ അഴിമതിയാരോപണം

കൊച്ചി കോർപ്പറേഷന്‍റെ മാലിന്യ സംസ്കരണത്തിൽ അഴിമതിയാരോപണം. സംസ്കരിക്കാനായി ബ്രഹ്മപുരം പ്ലാൻറിലെത്തിക്കുന്ന മാലിന്യത്തിന്റെ അളവ് രേഖപ്പെടുത്താതെ കരാറുകാരെ സഹായിക്കുന്നെന്നാരോപിച്ച് സിപിഐ നേതാവ് വിജിലൻസിൽ പരാതി നൽ‍കി. 

ബ്രഹ്മപുരം മാലിന്യപ്ലാൻറിൽ എത്തുന്ന മാലിന്യ ലോറികൾ വേ ബ്രിഡ‍്്ജിലൂടെ കടത്തിവിട്ട് കൃത്യമായ അളവ് രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഈ അളവിൻറെ അടിസ്ഥാനത്തിലാവണം കരാറുകാർക്ക് കോർപറേഷൻ പ്രതിഫലം നൽകേണ്ടതെന്നും വ്യവസ്ഥയിലുണ്ട്. എന്നാൽ ഈ വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നാണ് പ്രധാന ആരോപണം. മാലിന്യ ലോറികൾ വേ ബ്രിഡ്ജിലൂടെ കടത്തിവിട്ട് അളവ് രേഖപ്പെടുത്താതെ കോർപറേഷൻ അധികൃതർ കരാറുകാരെ സഹായിക്കുന്നെന്നാണ് വിജിലൻസിനു മുന്നിലെത്തിയിരിക്കുന്ന പരാതി. പരാതിക്കാരനായ സിപിഐ മണ്ഡലം സെക്രട്ടറി സി.എ.ഷക്കീർ ഇതിൻറെ തെളിവായി ദൃശ്യങ്ങളും സമർപ്പിച്ചിട്ടുണ്ട്. 

എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.കെ.മിനിമോൾ പ്രതികരിച്ചു. വെയ്് ബ്രിഡ്ജ് തകരാറിലായ ദിവസങ്ങളിൽ മാത്രമാണ് പ്രവർത്തിപ്പിക്കാതിരുന്നതെന്ന് നഗരസഭ വിശദീകരിക്കുന്നു. ഈ ദിവസങ്ങളിൽ മാലിന്യം അളക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തിയിരുന്നതായും നഗരസഭ അധികൃതർ അവകാശപ്പെട്ടു.