നഗരസഭയിലെ സാമ്പത്തികക്രമക്കേടുകള്‍; പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്

കൊച്ചി നഗരസഭയിലെ ഗുരുതര സാമ്പത്തികക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയ നാലുവര്‍ഷത്തെ ഒാഡിറ്റ് റിപ്പോര്‍ട്ടുകള്‍ പ്രത്യേകം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്. 2014 മുതലുള്ള ഒാഡിറ്റ് റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് ഉച്ചതിരിഞ്ഞ് കൊച്ചി നഗരസഭയുടെ പ്രത്യേക  കൗണ്‍സില്‍ ചേരാനിരിക്കെയാണ് പ്രതിപക്ഷം നിലപാട് വ്യക്തമാക്കിയത്. റദ്ദാക്കിയ രസീത് ബുക്കുകള്‍ ഉപയോഗിച്ചുള്ള പണാപഹരണം ഉള്‍പ്പടെ  ഗുരുതരമായ ചട്ടലംഘനങ്ങളാണ് ഒാഡിറ്റ് റിപ്പോര്‍ട്ടില്‍ പുറത്തുവന്നത്. 

നഗരസഭയിലെ പണാപഹരണവും ക്രമക്കേടുകളും അക്കമിട്ട് നിരത്തിയുള്ള ഒാഡിറ്റ് റിപ്പോര്‍ട്ടിനെതിരെ േനരത്തെതന്നെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രത്യേക കൗണ്‍സിലില്‍ ഒാഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാെമന്ന് േമയര്‍ സമ്മതിച്ചതും. 

ധനകാര്യസമിതിയുടെ അനുമതിയില്ലാതെ പ്ളാന്‍ഫണ്ടില്‍നിന്ന് മേയറുടെ ആവശ്യത്തിന് പുതിയ കാര്‍ വാങ്ങിയതില്‍ തുടങ്ങി കഴിഞ്ഞ നാല് ഒാഡിറ്റ്  റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത് നിരവധിയായ ചട്ടലംഘനങ്ങളാണ്. ഒാഡിറ്റ് കാലയളവില്‍ ഉപയോഗിച്ച രസീത് ബുക്കുകള്‍ പരിശോധനയ്ക്ക്  ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. നഗരസഭയിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തന മേല്‍നോട്ടം ഫലപ്രദമല്ല. വന്‍കിട കെട്ടിട സമുച്ചയങ്ങളുള്ള കൊച്ചി  നഗരത്തില്‍ വരുമാന ശ്രോതസുകള്‍ കാര്യമായി വിനിയോഗിക്കാനും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല തുടങ്ങിയ കാര്യങ്ങളൊക്കെ ഇന്നത്തെ ഒരു കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ കഴിയില്ലെന്ന്  പ്രതിപക്ഷം പറയുന്നു. കണ്ണില്‍ പൊടിയിട്ട് തലയൂരാന്‍ ഭരണപക്ഷം ശ്രമക്കുന്നുവെന്നും പ്രതിപക്ഷം  ആരോപിക്കുന്നു.

എന്നാല്‍ നിലവിലെ നടപടിക്രമം അനുസരിച്ചുമാത്രമാണ് കൗണ്‍സിലില്‍ നാല് ഒാഡിറ്റ് റിപ്പോര്‍ട്ടും ഒരുമിച്ച് ചര്‍ച്ചയ്ക്കെടുക്കുന്നതെന്നും കൗണ്‍സിലില്‍  ഇക്കാര്യം വിശദീകരിക്കുമെന്നും മേയര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ എറണാകുളം ടൗണ്‍ ഹോളിലാണ് നഗരസഭ കൗണ്‍സില്‍ ചേരുക.