കാറ്റാടിക്കടവിലെ കുടിയൊഴിപ്പിക്കൽ; വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തം

ഇടുക്കി ജില്ലയിലെ വണ്ണപ്പുറം കാറ്റാടിക്കടവിൽ ഒരു കുടുംബത്തെ കുടിയൊഴുപ്പിക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ നാട്ടുകാർ കോതമംഗലം ഡിഎഫ്ഓ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കയ്യേറ്റക്കാരെന്ന് ആരോപിച്ച് 42 കുടുംബങ്ങളെ ഒന്നൊന്നായി കുടിയൊഴിപ്പിക്കാനുള്ള വനംവകുപ്പിന്റെ തന്ത്രമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

വണ്ണപ്പുറം പഞ്ചായത്തിലെ കാറ്റാടിക്കടവിൽ ജനവാസം തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടിലേറെയായി. യാത്രാദുരിതവും കുടിവെള്ള ക്ഷാമവും രൂക്ഷമായതോടെ സമീപകാലത്ത് ഒട്ടേറെ കുടുംബങ്ങൾ ഇവിടെ നിന്ന് താമസം മാറ്റി. ഈ അവസരം മുതലാക്കി, കാലങ്ങളായി ഇവിടെ താമസിക്കുന്ന അമ്പഴത്തുങ്കൽ ജേക്കബ് ചാക്കോയും കുടുംബവും വീടൊഴിഞ്ഞ് പോകണമെന്ന് വനം വകുപ്പ് ആവശ്യപ്പെടുകയായിരുന്നു. 

വനംവകുപ്പ് നീക്കത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന കോതമംഗലം ഡിഎഫ്ഓ ഓഫീസ് മാർച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി കൺവീനർ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ സമരം ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽ രക്ഷാധികാരിയും വെൺമണി പള്ളി വികാരിയുമായ ഫാദർ ലൂക്കാ തച്ചാപറമ്പത്ത് പറഞ്ഞു. ചിലരുടെ സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് കുടിയൊഴിപ്പിക്കലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.