കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ കൊച്ചിയിൽ കലമുടച്ച് പ്രതിഷേധം

ദേശീയ പാതാ വികസനത്തിനായുള്ള കുടിയൊഴിപ്പിക്കല്‍ നീക്കത്തിനതിരെ കൊച്ചിയിലും ജനകീയ സമരം . ഇടപ്പള്ളി മൂത്തകുന്നം ദേശീയ പാതയ്ക്കായി 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വീട്ടമ്മമാര്‍ എറണാകുളം കലക്ട്രേറ്റിന് മുന്നില്‍ കലമുടച്ച് പ്രതിഷേധിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയ പാത വികസനത്തിനായി സ്ഥലം വിട്ടുകൊടുത്തവരാണ് കുടിയൊഴിക്കല്‍ ഭീഷണി നേരിടുന്നത്.

30 മീറ്റര്‍ ദേശീയ പാതാ വികസനത്തിനായി മുമ്പ്  ഇന്ദുമോള്‍ എന്ന ഈ വീട്ടമ്മയുടെ കുടുംബം വിട്ടുകൊടുത്തത് 15 സെന്‍റ് സ്ഥലമാണ്. പാതയുടെ വീതി 45 മീറ്ററാക്കുന്ന പുതിയ അലൈന്‍മെന്‍റ് വരുമ്പോള്‍ ബാക്കിയുള്ള മൂന്നുസെന്‍റും കിടപ്പാടവും പോകുമോ എന്ന ആശങ്ക ഇവരുടെ ഉറക്കം കെടുത്തുന്നു.ആയിരക്കണക്കിന് പേരാണ് ഇതേ ആശങ്കയുടെ പാതയോരത്തുള്ളത്. ഒരു പദ്ധതിക്കായി രണ്ടുതവണ സ്ഥലം വിട്ടുകൊടുത്ത് തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോ എന്ന േപടിയോരത്തുള്ളത്.

ഈ കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരെ വീട്ടമ്മമാര്‍ എറണാകുളം കലക്ട്രേറ്റിനു മുന്നില്‍ കലമുടച്ച് പ്രതിഷേധിച്ചു.ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ നീളുന്ന ദേശീയ പാതയോരത്തുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ സ്ഥലമേറ്റെടുക്കാനുള്ള സമിതി രൂപീകരിക്കാനുള്ള വിജ്ഞാപനം മാത്രമാണ് വന്നിരിക്കുന്നതെന്നും ജില്ലാകലക്ടര്‍ വിശദീകരിച്ചു. ആവശ്യമായ നഷ്ടപരിഹാരം നല്‍കി നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്‍റെ തീരുമാമെന്നും അദ്ദേഹം അറിയിച്ചു.