ആലുവയിലെ പുതിയ സർക്കാർ അതിഥി മന്ദിരം അറ്റകുറ്റപണിക്കായി അടച്ചു പൂട്ടുന്നു

ഇക്കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനമാരംഭിച്ച ആലുവയിലെ പുതിയ സർക്കാർ അതിഥി മന്ദിരം അറ്റകുറ്റപണിക്കായി അടച്ചു പൂട്ടുന്നു. നിർമാണ പ്രവർത്തനങ്ങളിലെ തകരാർ മൂലം സീലിങ്ങ് പൊളിഞ്ഞ് വീഴുകയും മുറികളിലെല്ലാം ചോർന്നൊലിക്കുകയും ചെയ്തതോടെയാണ് അതിഥി മന്ദിരം താൽക്കാലികമായി 'അടച്ചിടുന്നത്. ചോർച്ചയെ തുടർന്ന് അടുത്തിടെ മുഖ്യമന്ത്രിക്കു പോലും പതിവ് മുറിയിൽ നിന്ന് താമസം മാറ്റേണ്ടി വന്നിരുന്നു. 

8 കോടി മുടക്കി നിർമാണം പൂർത്തിയാക്കിയ ആലുവയിലെ പുതിയ അതിഥി മന്ദിരമാണ് ഈ മാസം 11 മുതൽ അടച്ചിടാൻ തീരുമാനിച്ചത്. എയർ കണ്ടീഷനർ പൈപ്പ് ലൈനുകളിൽ നിന്ന് വി.ഐ.പി മുറികളിലടക്കം വെള്ളം ചോർന്നൊലിക്കുന്നു.ഭക്ഷണശാലയിലും, റിസപ്ഷനിലുമെല്ലാം സീലിങ്ങ് തുടർന്നു വീണു ഒരു മാസം മുമ്പ് ടൂറിസംവകുപ്പ് മന്ത്രിയുടെ മുന്നിൽ തന്നെ സീലിങ്ങ് അടർന്നുവീണിരുന്നു.സർക്കാർ നിർമാണത്തിലെ കെടുകാര്യസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മന്ദിരമെന്നാണ് സീലിങ്ങ് അsർന്ന് വീഴുന്നത് കൺ മുന്നിൽ കണ്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ അന്ന് പ്രതികരിച്ചത്. 

ചോർച്ച തുടങ്ങിയതോടെ ഷോർട്ട് സർക്യൂട്ട് മൂലം വൈദ്യുതി തകരാറും പതിവായി. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ മുഖ്യമന്ത്രിക്ക് പോലും പതിവു മുറി വിട്ട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്നു. ഈ സംഭവം കൂടി കഴിഞ്ഞതോടെയാണ് മന്ദിരം താൽക്കാലികമായി അടച്ച് അറ്റകുറ്റപണി നടത്താൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.പഴയ കെട്ടിടത്തിലെ 5 മുറികൾ പ്രവർത്തനസജമാക്കിയ ശേഷമാവും പുതിയ കെട്ടിടം അറ്റകുറ്റപ്പണിക്കായി അടയ്ക്കുക. നിർമാണത്തിലെ ക്രമക്കേടുകളെ പറ്റിയുള്ള പൊതുമരാമത്ത് വകുപ്പ് വിജിലൻസ് അന്വേഷണവും ഉടൻ തുടങ്ങും.