പൈതൃക നഗരമാകാൻ ആലപ്പുഴ ഒരുങ്ങി

രണ്ടായിരം കോടിയുടെ ബൃഹത്തായ പൈതൃകനഗര പദ്ധതിക്ക് ആലപ്പുഴ ഒരുങ്ങുന്നു. സമഗ്രമായ പശ്ചാത്തല സൗകര്യമൊരുക്കുന്ന പദ്ധതി മൂന്നുഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ അടുത്തമാസം തുടങ്ങുമെന്ന് മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും അറിയിച്ചു. 

നഗരറോഡുകളുടെ നവീകരണമാണ് പ്രധാനം. 21 റോഡുകള്‍ വികസിപ്പിക്കും. വാണിജ്യകനാലിന് കുറുകെ പുതിയപാലം നിര്‍മിക്കും. മുപ്പാലം നാല്‍പാലമാകും. നഗരത്തിലെ പതിനൊന്ന് കനാലുകളും സൗന്ദര്യവല്‍ക്കരിക്കും. ബോട്ടുജെട്ടിയും കെഎസ്ആര്‍ടിസി ബസ്റ്റാന്റും കോടതി പരിസരങ്ങളും കോര്‍ത്തിണക്കി മൊബിലിറ്റി ഹബ് നിര്‍മിക്കും. ശതാബ്ദിയിലേക്ക് കടക്കുന്ന ആലപ്പുഴ നഗരസഭയില്‍ കണ്‍‍വെന്‍ഷന്‍ സെന്റര്‍ പണിയും. 2020 ഓടു കൂടി പദ്ധതി പൂര്‍ത്തികരിക്കാനാകുമെന്ന് മന്ത്രി തോമസ് ഐസക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നഗരറോഡ് വികസനത്തിന് 268 കോടിയാണ് വകയിരുത്തിയത്. കോടതിപാലം ജംക്ഷനില്‍ ഫ്ലൈ ഒാവറോടുകൂടിയ ട്രാഫിക് പരിഷ്്കാരം, വൈവിധ്യമാര്‍ന്ന പാര്‍ക്കിങ് സംവിധാനം, വിനോദസംവിധാനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തും. ആലപ്പുഴ ബൈപാസിന്റെ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാകും. ആശുപത്രികളുടെ വികസനവും കുടിവെള്ള പദ്ധതികളും ഉള്‍ക്കൊള്ളുന്നതാണ് സമഗ്ര നവീകരണ പാക്കേജ്.