ചീനവല മേഖലയില്‍ തംരംഗമായി മാറുന്ന പരീക്ഷണം

എറണാകുളം ജില്ലയിലെ മുനമ്പത്ത് ചീനവലകള്‍ ഉയര്‍ത്തുന്നത് മോട്ടോർ ബൈക്കുകള്‍ ഉപയോഗിച്ച്. മൂന്നിലേറെപ്പേര്‍ ഒരുമിച്ച് വലിച്ചാല്‍ മാത്രം ഉയർന്നിരുന്ന കൂറ്റൻ ചീനവലകൾ ഇപ്പോൾ ബൈക്കിന്റെ ആക്സിലറേറ്റർ അമർത്തുമ്പാൾ ഉയരാന്‍ തുടങ്ങും. 

  

മുനമ്പത്ത് മൂന്നും നാലും പേര്‍ ചേര്‍ന്ന് ചീനവലകള്‍ ഉയര്‍ത്തിയിരുന്നത് പഴങ്കഥ. ഏറെ കായികാധ്വാനം വേണ്ട ഈ ജോലി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് രൂപമാറ്റം വരുത്തിയ ബൈക്കുകളാണ്. പഴയ ഹീറോഹോണ്ടയും ബജാജുമെല്ലാമാണ് ഇവിടെ ഇപ്പോള്‍ ഹീറോകള്‍. ചീനവല മേഖലയില്‍ തംരംഗമായി മാറുന്ന ഈ പരീക്ഷണം വളരെ ലളിതമാണ്. പഴയ ബൈക്ക് സംഘടിപ്പിച്ച് പിന്നിലെ ടയര്‍ അഴിച്ച് കയർ ചുറ്റാവുന്ന വിധം കപ്പി ഘടിപ്പിക്കും. ചീനവലയുടെ കയർ കപ്പിയിൽ ഘടിപ്പിച്ച് ആക്സിലറേറ്റർ കൊടുക്കുന്നതോടെ വല ഉയരും. ഗിയർ നൂട്രലാക്കിയാല്‍ വല താഴും. ഒരാൾക്ക് തനിയെ ഈ സംവിധാനം പ്രവർത്തിപ്പിക്കാനാവും. നൂറുരൂപയുടെ പെട്രോൾ കൊണ്ട് ദിവസം മുഴുവൻ പ്രവർത്തിപ്പിക്കാമെന്ന നേട്ടവുമുണ്ട്. 

മുനമ്പം ബീച്ചിലെത്തുന്ന വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾക്കും ചീനവല ഉയര്‍ത്തുന്ന ബൈക്കുകള്‍ കൗതുക കാഴ്ചയാണ്.