എൻ.എഫ്.സിയിലെ തട്ടിപ്പ് മുഖ്യ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

എറണാകുളം കോതമംഗലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനമായ എൻ.എഫ്.സിയിൽ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. ബാങ്കിൽ പരിശോധന നടത്തിയെങ്കിലും നിക്ഷേപരുടെ പണത്തേയും സ്വർണ്ണത്തേയുംക്കുറിച്ച് ഒരു വിവരവും പൊലീസിന് ലഭിച്ചില്ല. അതേസമയം കേസിലെ രണ്ടാം പ്രതി ജോയലിനെ വിവിധയിടങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. 

റിമാന്റിലായിരുന്ന കോതമംഗലം എൻ.എഫ്.സി സ്വകാര്യ ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും എൻ.എഫ്.സിയിലെ ജീവനക്കാരനുമായ ജോയലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പ്രതിയെ ഇടപാടുകാരുടെ സ്വർണം പണയംവെച്ചെന്ന് കരുതുന്ന തങ്കളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുത്തു.സ്വർണ്ണം മറിച്ച് പണയം വച്ചതായി രേഖകൾ ഉണ്ടെങ്കിലും ഉരുപ്പടികൾ കണ്ടെത്താനായില്ല.

തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും എൻ.എഫ്.സി ഫിനാൻസ് മാനേജരുമായ ശ്രീഹരിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷണസംഘം നേരിട്ടെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.ശ്രീ ഹരി സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നു.ഇതിനിടയിൽ എൻ.എഫ്.സി,എം.ഡിയായ എൻ.ഐ.അബ്രഹാംമിനെ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.