നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 14 കോടിയുടെ തട്ടിപ്പ്; ഏജൻസിക്കെതിരെ നടപടി

നെടുമ്പാശേരി വിമാനത്താവളത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന സ്വകാര്യ വിദേശനാണയ വിനിമയ സ്ഥാപനം 14 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായി എയർ കസ്റ്റംസ് ഇന്റലിജൻസ്. വിദേശയാത്ര നടത്തുന്നവർക്ക് കറൻസി മാറി നൽകിയതിലാണ് തട്ടിപ്പ്. സ്വർണ്ണക്കടത്ത് സംഘങ്ങളും ഇവിടെ നിന്ന് വിദേശ കറൻസി മാറി വാങ്ങിയതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

വിദേശനാണയ വിനിമയ ചട്ടവും റിസർവ് ബാങ്ക് മാനദണ്ഡവും ലംഘിച്ച് 2000 ത്തിൽ പരം ഇടപാടുകളാണ് ഈ ഏജൻസി നടത്തിയത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞുള്ള സ്ഥലത്തായിരുന്നു കൗണ്ടർ പ്രവർത്തിച്ചിരുന്നത്. ഇവിടെ കറൻസി മാറിയാൽ പിന്നെ പരിശോധന കൂടാതെ വിമാനത്തിൽ കയറാം. വിദേശയാത്ര നടത്തുന്ന ഇന്ത്യാക്കാർക്ക് ഈ കൗണ്ടർ വഴി പരമാവധി 25000 രൂപയ്ക്കുള്ള വിദേശ കറൻസി മാറ്റി നൽകാമെന്നാണ് റിസർവ് ബാങ്ക് ചട്ടം. എന്നാൽ 2 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസി ഇവിടെ നിന്ന് പലപ്പോഴും മാറി നൽകിയതായി പരിശോധനയിൽ കണ്ടെത്തി. 

കസ്റ്റംസ് ആദ്യഘട്ടത്തിൽ നടത്തിയ പരിശോധനയിൽ 8 കോടിയുടെ ക്രമക്കേട് ബോധ്യപ്പെട്ടു. തുടർന്ന് ഈ ഏജൻസിയുടെ അക്കൗണ്ടടക്കം പരിശോധിച്ചതിൽ നിന്നാണ് ക്രമക്കേട് 14 കോടി കവിയുമെന്ന് ബോധ്യപ്പെട്ടത്. സ്വർണ കടത്ത് സംഘങ്ങളും ഈ സൗകര്യം പ്രയോജനപ്പെടുത്തിയതായി വിവരമുണ്ട്.വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനവും നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥാപനത്തിന്റെ രാജ്യവ്യാപകമായുള്ള ഏജൻസികളിൽ റിസർവ്വ് ബാങ്ക് പരിശോധന നടത്തും.