തൃശൂര്‍ വലപ്പാട് പഞ്ചായത്തില്‍ ശൗചാലയത്തിനുള്ളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം വരച്ചത് വിവാദത്തില്‍. ഉദ്യോഗസ്ഥരുടേയും പഞ്ചായത്തു പ്രസിഡന്റിന്റേയും നിര്‍ദ്ദേശപ്രകാരമാണ് ഗാന്ധിചിത്രം ശൗചാലയത്തില്‍ വരച്ചത്. പ്രതിഷേധം ശക്തമായതോടെ ചിത്രം നീക്കി.
മഹാത്മാഗാന്ധിയുടെ പേരിലുള്ള ഐ.എ.വൈ പദ്ധതി പ്രകാരം നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി ശൗചാലയം നിര്‍മിച്ചു നല്‍കുന്നുണ്ട്. കാലങ്ങളായുള്ള പദ്ധതിയാണിത്. ഇങ്ങനെ നിര്‍മിക്കുന്ന ശൗചാലയത്തിന്റെ പുറത്ത് ഭിത്തിയില്‍ ഗാന്ധിയുടെ ചിത്രം വരയ്ക്കണമെന്നാണ് പദ്ധതിപ്രകാരമുള്ള വ്യവസ്ഥ. എന്നാല്‍ , തൃശൂര്‍ വലപ്പാട് പഞ്ചായത്തില്‍ പണിത ശൗചാലയത്തിനകത്തായി പോയി ഗാന്ധിചിത്രം വരച്ചത്.
ഇതു ഗാന്ധിയോടുള്ള അവഹേളനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിവരമറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ശൗചാലയങ്ങളില്‍ നിന്ന് ചിത്രം നീക്കി. ചിത്രം വരയ്ക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് തലയൂരി. പഞ്ചായത്ത് ഭരിക്കുന്നത് എല്‍.ഡി.എഫാണ്. ഉദ്യോഗസ്ഥര്‍ തെറ്റായി നിര്‍ദ്ദേശം നല്‍കിയതാണ് ചിത്രം ശൗചാലയത്തിനകത്താകാന് കാരണമെന്നാണ് നിഗമനം. ഗാന്ധിചിത്രം വിവാദമായതോടെ വീട്ടുടമകള്തന്നെ ചിത്രം മായ്ക്കുകയായിരുന്നു.