തൃശൂര്‍ പഴവൂരില്‍ സ്വകാര്യ ക്രഷര്‍ കമ്പനിയിലെ മാലിന്യങ്ങള്‍ വീണ്ടും നെല്പാടങ്ങളിലേക്ക് ഒലിച്ചിറങ്ങുന്നതായി കര്‍ഷകരുടെ പരാതി. കമ്പനി താല്‍ക്കാലികമായി അടച്ചുപൂട്ടിയെങ്കിലും മഴക്കാലത്ത് വീണ്ടും ചെളിയിറങ്ങുന്നതാണ് കര്‍ഷകര്‍ക്ക് ദുരിതമായത്.
കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി പഴവൂരിലെ സ്വകാര്യ ക്രഷര്‍ കമ്പനിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. നെല്പാടങ്ങളും മറ്റു കൃഷി സ്ഥലങ്ങളും ഉപയോഗശൂന്യമായതാണ് കാരണം. ക്രഷര്‍ കമ്പനിയിലെ മാലിന്യം സമീപപ്രദേശങ്ങളിലേക്ക് പരന്നതോടെ കുടിവെള്ളം കലങ്ങി. തോടുകള്‍ മലിനമായി. നെല്പാടങ്ങളില് കൃഷിയിറക്കാന്‍ കഴിയാതെയായി. അവസാനം, അധികൃതര്‍ ഇടപ്പെട്ട് കമ്പനി പൂട്ടിച്ചു. പക്ഷേ, വീണ്ടും മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നു. കമ്പനി വീണ്ടും തുറക്കുന്നതിനോട് നാട്ടുകാര്‍ക്ക് എതിര്‍പ്പില്ല. പക്ഷേ, മാലിന്യപ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം