കണ്ടല്‍ക്കാടുകളും തണ്ണീര്‍ത്തടങ്ങളും നികത്തി കൊച്ചി പുതുവൈപ്പിനില്‍ കയ്യേറ്റമാഫിയയുടെ അഴിഞ്ഞാട്ടം. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് തെക്കന്‍മാലിപ്പുറം മേഖലയിലാണ് ആശുപത്രി മാലിന്യങ്ങളും കെട്ടിടാവശിഷ്ടങ്ങളുമടക്കം ഉപയോഗിച്ച് പതിനഞ്ചേക്കറോളം ഭൂമി കയ്യേറ്റ മാഫിയ നികത്തിയെടുത്തത്. വര്‍ഷങ്ങളായി തുടരുന്ന കയ്യേറ്റത്തിനെതിരെ തുടര്‍ച്ചയായി പരാതി ഉയര്‍ന്നിട്ടും റവന്യു വകുപ്പ് ചെറുവിരലനക്കിയിട്ടില്ല.
നല്ലെയാഴുക്കുണ്ടായിരുന്ന തോടാണ് ഇങ്ങനെ റോഡായത്. തോടിനോട് ചേര്‍ന്ന ചതുപ്പു നിലമത്രയും കരയാക്കി. കണ്ടലത്രയും വെട്ടിനിരത്തി.രാപകല്‍ വ്യത്യാസമില്ലാതെ ആശുപത്രി മാലിന്യങ്ങളും കെട്ടിടാവശിഷ്ടങ്ങളുമടിച്ച് നികത്തിയെടുത്തത് പതിനഞ്ചേക്കറിലേറെ സ്ഥലം. നികത്തിയെടുത്ത സ്ഥലത്ത് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കണ്ടയ്്നര്‍ ഗോഡൗണും തുടങ്ങി. എതിര്‍പ്പറിയിച്ച നാട്ടുകാരെ വിരട്ടാന്‍ ഗുണ്ടകളുണ്ട് സദാസമയവും.
മുന്നണി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതിയോടെയാണ് കയ്യേറ്റമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഫോര്‍ട്ടു കൊച്ചി ആര്ഡിഒയായിരുന്ന ആദില അബ്ദുളള സ്ഥലം സന്ദര്‍ശിച്ചതിനു പിന്നാലെ സ്ഥലം മാറ്റപ്പെട്ടത് കയ്യേറ്റ മാഫിയയുടെ സ്വാധീനത്തിന് തെളിവെന്നും നാട്ടുകാരുടെ ആരോപണം.