ആലപ്പുഴ മെഗാ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായ വയ്യാങ്കരച്ചിറ മോടിപിടിപ്പിക്കല്‍ പദ്ധതി നിലച്ചു. രണ്ടരക്കോടിയിലേറെ രൂപ ചെലവില്‍ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കാനുള്ള നീക്കത്തിന് റവന്യൂ വകുപ്പിന്റെ അനാസ്ഥയാണ് തിരിച്ചടിയായത്.
ആലപ്പുഴ താമരക്കുളം പഞ്ചായത്തില്‍ , 110 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നതാണ് വയ്യാങ്കര ചിറ. ആലപ്പുഴ മെഗാ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി 2.60 കോടി രൂപയുടെ അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ ഭാഗമായി ലേക്വ്യൂ പാലം, ശൗചാലയം, മണ്ഡപം, സഞ്ചാരികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ , ഇരുന്നൂറ് മീറ്റര്‍ നീളത്തില്‍ പാര്‍ക്ക് എന്നിവയെല്ലാമാണ് വിഭാവനം ചെയ്തിരുന്നത്. ചിറയുടെ ഭാഗമായുള്ള പുറമ്പോക്ക് ഭൂമി അളന്നുതിരിച്ചെങ്കില്മാത്രമേ പാര്‍ക്കിന്റെ ബാക്കി നിര്‍മാണം പൂര്‍ത്തീകരിക്കാനാകൂ.
സ്വകാര്യവ്യക്തികളുടെ സ്ഥലം അളന്ന് തിരിക്കാത്തതിനാല്‍ ചിറയിലേക്കുള്ള റോഡിന്റെ നിര്‍മാണവും നടക്കുന്നില്ല. റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി കൊണ്ടുന്ന കമ്പികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ചിറയുടെ ചുറ്റും സര്‍വേ നടത്തി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു. പൂര്‍ണമായും വിനിയോഗിച്ചാല്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി വയ്യാങ്കരചിറ മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.