തൃശൂര്‍ നഗരത്തിലെ റോഡുകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കുമെന്ന് കോര്പറേഷന് മേയറുടെ ഉറപ്പ്. ടാര്‍ വാങ്ങാന്‍ അരക്കോടി രൂപ വകയിരുത്തി. കുഴികളുടെ എണ്ണമെടുക്കാന്‍ കോര്പറേഷന് കൗണ്‍സിലര്‍മാര്‍ക്കു നിര്‍ദ്ദേശം നല്കി.
മഴ തുടങ്ങിയതോടെ പൊട്ടിതകര്‍ന്ന റോഡുകള്‍ തൃശൂര്‍ നഗരത്തിലെ ഗതാഗതം താറുമാറാക്കിയിരുന്നു. വാഹനങ്ങളുടെ കുരുക്ക് നീണ്ടതോടെ റോഡു നന്നാക്കാന്‍ ട്രാഫിക് പൊലീസ്തന്നെ രംഗത്തിറങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കോര്പറേഷന് ഉണര്‍ന്നത്. കുഴിപ്പാതയിലൂടെയുള്ള ദുരിത യാത്രയില്‍ ജനത്തിന്റെ പഴികേട്ട് കോര്‍പറേഷനും മടുത്തു. റോഡുകളില്‍ കുഴിയടച്ച് റീ ടാറിങ് നടത്താന്‍ അന്‍പതു ലക്ഷം രൂപയുടെ ടാര്‍ വാങ്ങും.
അഞ്ചു വര്‍ഷം മുമ്പാണ് നഗരത്തിലെ റോഡുകള്‍ അവസാനമായി ടാര്‍ ചെയ്തത്. റോഡിന്റെ ഗാരന്‍ഡി കാലാവധിയും തീര്‍ന്നിരുന്നു. ഇനി , റീ ടാറിങ് അല്ലാതെ പോംവഴിയില്ലെന്ന് കോര്‍പറേഷനും തിരിച്ചറിഞ്ഞു. കോര്പറേഷന് കൗണ്‍സിലര്‍മാരോട് കുഴികള്‍ എണ്ണിപ്പറയാന്‍ മേയര്‍ പറഞ്ഞിട്ടുണ്ട്. തീരെ മോശമുള്ള റോഡുകള്‍ക്കാണ് ആദ്യം പരിഗണന.