ജൈവകാർഷിക രംഗത്ത് ശ്രദ്ധേയമായ പദ്ധതികൾ വിജയിപ്പിച്ചെടുത്ത എറണാകുളം വടക്കൻ പറവൂരിലെ പള്ളിയാങ്കൽ സർവീസ് സഹകരണ ബാങ്കിന്റെ മാതൃക പഠിക്കാന്‍ കണ്ണൂരിൽ നിന്ന് കർഷകസംഘമെത്തി. കല്യാശേരി എംഎൽഎ ടി.വി. രാജേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് വടക്കൻ പറവൂരിൽ എത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കല്യാശേരി മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരടക്കം നാൽപതംഗ സംഘമാണ് വടക്കൻ പറവൂരിൽ എത്തിയത്. വിവിധ ജൈവകൃഷി പദ്ധതികൾ വിജയകരമായി നടത്തിവരുന്ന ഏഴിക്കര പള്ളിയാങ്കൽ സർവീസ്സഹകരണ ബാങ്കിന്റെ കൃഷിയിടങ്ങളിലായിരുന്നു സന്ദർശനം. ബാങ്കിന്റെ കീഴിലുള്ള പൊക്കാളിപ്പാടങ്ങൾ, പച്ചക്കറി കൃഷിയിടങ്ങൾ ഫാമുകൾ, കുറ്റിമുല്ലത്തോട്ടം എന്നിവിടങ്ങളെല്ലാം സംഘം കണ്ടു. തുടർന്ന് കർഷകരുമായും ബാങ്ക് ഭരണസമിതി അംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തി.
കണ്ണൂരിലെ സഹകരണ ബാങ്കുകൾ ഏഴ് ശതമാനം പലിശ നിരക്കിലാണ് കർഷകർക്ക് വായ്പകൾ നൽകുന്നത്. എന്നാൽ ഇവിടെ പലിശ നാലു ശതമാനം മാത്രമാണ്. ഇത് നല്ല മാതൃകയാണെന്നും കർഷകർക്കും കാർഷിക മേഖലക്കും ഗുണകരമാണെന്നും ടി.വി. രാജേഷ് എംഎൽഎ ചൂണ്ടിക്കാട്ടി.