കൊച്ചിയില്‍ കാലടിക്കു സമീപം രാസമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗിച്ച് സ്വകാര്യവ്യക്തി നിലം നികത്തുന്നുവെന്ന് പരാതി. സമീപത്തെ കിണറുകളിലെ വെള്ളം മലിനമായതോടെ യുവജനസംഘടനകള്‍ സമരം തുടങ്ങി.
ശ്രീമൂലനഗരം പഞ്ചായത്തിലെ വെള്ളാരപ്പിള്ളി തൃക്കണിക്കാവിലാണ് സ്വകാര്യ വ്യക്തി 42 സെന്റ് സ്ഥലം പ്ലൈവുഡ് കമ്പനിയില്‍ നിന്നുള്ള രാസമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗിച്ച് നികത്തുന്നതായി പരാതി ഉയര്‍ന്നത്. പകര്‍ച്ചവ്യാധികള്‍ രൂക്ഷമായ സമയത്ത് രാത്രിയുടെ മറവില്‍ രാസമാലിന്യം തള്ളുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം. സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളം രാസപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുടിക്കാന്‍ യോഗ്യമല്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. മാലിന്യം നീക്കാന്‍ നടപടിയെടുക്കണമെന്ന് സ്ഥലമുടമയോട് ആവശ്യപ്പെട്ടെങ്കിലും മോശമായ പ്രതികരണമാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതോടെയാണ് യുവജനസംഘടനകള്‍ സമരം തുടങ്ങിയത്.
മാലിന്യം ഉപയോഗിച്ച് നിലംനികത്തുന്നതിനെതിരെ പഞ്ചായത്തിലും വില്ലേജ് ഓഫിസിലും ആര്‍ഡിഒയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.