മൂവാറ്റുപുഴയില്‍ മണ്ണിടിഞ്ഞുവീണ് ഏറെനേരം എം.സി.റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. മഴ കനത്തതോടെ റോഡിനോട് ചേര്‍ന്നുള്ള മൂന്നു വീടുകള്‍ ഏതുസമയവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്.
കെ.എസ്.ടി.പി. പദ്ധതിപ്രകാരം പുനര്‍നിര്‍മാണം നടക്കുന്ന എം.സി. റോഡില്‍ മൂവാറ്റുപുഴയ്്ക്കുസമീപം ആറൂര്‍ ടോപ്പിലാണ് കുന്നിടിഞ്ഞ് കല്ലുകളും മരങ്ങളും റോഡിലേക്ക് വീണത്. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി കുന്നിന്റെ ഒരുഭാഗം നീക്കിയിരുന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ അടിത്തറയിളകിയ പാറക്കല്ലുകളും മരങ്ങളും മണ്ണിനോടൊപ്പം റോഡില്‍ പതിക്കുകയായിരുന്നു. റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. മൂവാറ്റുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്സും, റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ജെസിബികളും എത്തി മണ്ണും മരവും മാറ്റിയ ശേഷമാണ് എം.സി.റോഡിലെ വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. റോഡ് നവീകരണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു.
റോഡിനോട് ചേര്‍ന്ന് കുന്നിന് മുകളിലുള്ള മൂന്നു വീടുകളുടെ അടിത്തറയുടെ ഭാഗങ്ങളും നിലംപതിച്ചു. ഈ വീടുകള്‍ ഏതുസമയവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. അപകടഭീഷണി നേരിടുന്ന വീടുകളിലെ താമസക്കാരെ ആരക്കുഴ പഞ്ചായത്ത് ഫാമിലി വെല്‍ഫയര്‍ സെന്ററിലേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.