ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നൂറുകോടിയുടെ വികസന പദ്ധതി വരുന്നു. പുതിയ ഒപി ബ്ലോക്കടങ്ങുന്ന ആദ്യഘട്ടതിന്റെ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജനറല്‍ ആശുപത്രിയുടെ മുഖച്ഛായ മാറും
നിലവിലെ ജനറല്‍ ആശുപത്രി കെട്ടിടത്തിലാണ് പണ്ട് ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് വണ്ടാനത്ത് പുതിയ കെട്ടിടം വന്നപ്പോള്‍ മെഡിക്കല്‍ കോളജ് അവിടേക്ക് മാറി. പണ്ടത്തെ പരിമിതമായ സൗകര്യത്തില്‍ ജനറല്‍ ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നു. ദിനവും വിവിധ ഔട് പേഷ്യന്റ് വിഭാഗത്തില്‍ രണ്ടായിരത്തിലധികം ആളുകള്‍ ചികില്‍സ തേടുന്നുണ്ട്. എന്നാല്‍ ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങള്‍ ഇവിടില്ല. ഇതിനാലാണ് പുതിയ ഒപി ബ്ലോക്കിനായി പദ്ധതി തയ്യാറാക്കിയത്. രണ്ടുഘട്ടമായുള്ള വികസനമാണ് ലക്ഷ്യം വക്കുന്നത്. ആദ്യഘട്ടത്തില്‍ ഒപി ബ്ലോക്കിന് പുറമെ ട്രോമകെയര്‍ സെന്ററും ഉണ്ടാകും.
രണ്ടാം ഘട്ടത്തില്‍ സൂപ്പര്‍ സ്പ്ലെഷ്യാലിറ്റി ബ്ലോക്കാണ് ലക്ഷ്യം. അന്തിമ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചുകഴിഞ്ഞു. ജനറല്‍ ആശുപത്രിപരിസരം നിലവില്‍ കാടുപിടിച്ച അവസ്ഥയിലാണ്. പുതിയ ഒപി ബ്ലോക്ക് വരുന്നതോടെ ഇതിന്റെ മുഖച്ഛായതന്നെ മാറ്റിയെടുക്കാനാവും. ഒപ്പം വിദഗ്ധ ചികില്‍സക്കായി കിലോമീറ്ററുകള്‍ അകലെയുള്ള മെഡിക്കല്‍ കോളജിനെ ആശ്രയിക്കാതെ മുന്നോട്ട് പോകാനും ആലപ്പുഴക്കാര്ക്കാകും. സ്വകാര്യ മേഖലയില്‍ അധികം ആതുരാലയങ്ങളില്ലാത്തതിനാല് ഒട്ടുമിക്ക ആളുകളും സര്‍ക്കാര്‍ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.