നൂറാം പിറന്നാളാഘോഷിക്കുന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് ബിജെപിയുടെ ആദരം. ബിെജപി പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച പിറന്നാളാഘോഷത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരനൊപ്പം കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണിയും പങ്കെടുത്തത് ശ്രദ്ധേയമായി.
നൂറാം പിറന്നാളാഘോഷിക്കുന്ന വലിയ മെത്രാപ്പൊലീത്തയ്ക്ക് നൂറു പനിനീര് പൂക്കള്‍ നല്‍കിയാണ് ബിജെപി പ്രവര്‍ത്തകര്‍ ആദരമര്‍പ്പിച്ചത്. പിന്നെ കുമ്മനത്തിനൊപ്പം മധുരം പങ്കുവച്ച് പിറന്നാളുകാരന് ആഘോഷവേദിയിലെത്തിയ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയെ രണ്ടിലകള്‍ക്കിടയില്‍ താമരപ്പൂ ചേര്‍ത്തുവച്ച പൂച്ചെണ്ട് നല്കി കുമ്മനം സ്വീകരിച്ചതും സദസില്‍ ചിരിപടര്‍ത്തി. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണും പരിപാടിയില്‍ പങ്കെടുത്തു.