കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളമെന്നാവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയയുടെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ സത്യാഗ്രഹ സമരം തുടങ്ങി. ആറുദിവസം നീണ്ടു നില്ക്കുന്ന സത്യാഗ്രഹം ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്തു.
കുട്ടനാട്ടിലെ വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കുട്ടനാട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമരം. കുട്ടനാട്ടിലെ കാര്‍ഷിക കടങ്ങള്‍ പലിശ സഹിതം എഴുതിത്തള്ളുക, കര്‍ഷകര്‍ വീട്ടാവശ്യത്തിനായി എടുത്ത വായ്പകള്‍ കാര്‍ഷിക വായ്പയായി പരിഗണിച്ച് നാലുശതമാനം മാത്രം പലിശയീടാക്കുക, പിഴപ്പലിശ കൂട്ടുപലിശ എന്നിവര ഒഴിവാക്കുക, കുട്ടനാടിനെ ദേശീയ പ്രാധാന്യമുള്ള കാര്‍ഷിക പാരിസ്ഥിതിക മേഖലയായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഗതാഗതമന്ത്രി തോമസ് ചാണ്ടി സമരം ഉദ്ഘാടനം ചെയ്തു.
സമരം ആര്‍ക്കും എതിരല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുകയാണ് സമരത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും തോമസ് ചാണ്ടി പറഞ്ഞു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ എംപിമാരെയും എംഎല്‍എ മാരെയും സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശനിയാഴ്ച വരെയാണ് സമരം. ഓരോ ദിവസവും വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കര്‍ഷകരാണ് നിരാഹാര സത്യാഗ്രഹത്തില്‍ പങ്കെടുക്കുക.