കൊച്ചി പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനലിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. കഴിഞ്ഞ ദിവസം സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ ജനകീയസമിതി നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണമാണ്. പ്രതിഷേധക്കാര്‍ വിവിധയിടങ്ങളില്‍ റോഡ് ഉപരോധിച്ചു.
പുതുവൈപ്പില്‍ ജനവാസമേഖലയില്‍ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നീക്കത്തിനെതിരെയാണ് നാട്ടുകാര്‍ സമരം ചെയ്യുന്നത്. ടെര്‍മിനലിനു മുന്നില്‍ നാലുമാസമായി സമരം ചെയ്യുന്ന നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വൈപ്പിനില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്.
ഹര്‍ത്താലില്‍ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഓട്ടോറിക്ഷകളും, ടാക്സികളും ബസുകളും സര്‍വീസ് നടത്തുന്നില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. വൈപ്പിനിലെ വിവിധ കേന്ദ്രങ്ങളില്‍ ജനകീയസമിതി റോഡുകള്‍ ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും ടെര്‍മിനലിനെതിരെ പ്രതിഷേധം തുടരാനാണ് ജനകീയ സമിതിയുടെ തീരുമാനം.